ജെറുസലേം: പലസ്തീനിയൻ ഭീകരന്റെ ആക്രമണത്തിൽ മൂന്ന് ഇസ്രായേലി പൗരന്മാർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഇസ്രായേലിലെ വെസ്റ്റ്ബാങ്കിലാണ് ആക്രമണമുണ്ടായത്.
രണ്ട് പേരെ കുത്തിക്കൊന്നതിന് ശേഷം പലസ്തീനിയൻ ഭീകരൻ ഓടിരക്ഷപ്പെടുകയായിരുന്നു. സമീപമുണ്ടായിരുന്ന ഒരു കാർ കവർന്നെടുത്താണ് ഇയാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. തുടർന്ന് ഹൈവേയിലെത്തിയപ്പോൾ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ മറ്റൊരു ഇസ്രായേലി പൗരൻ കൂടി മരിച്ചു. ഭീകരൻ മനഃപൂർവ്വമാണ് കാറിടിച്ചതെന്നാണ് നിഗമനം.
ഇതിന് പിന്നാലെ അപകട സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച പലസ്തീനിയൻ അക്രമിയെ ഇസ്രായേലി സൈനികൻ വെടിവെച്ച് വീഴ്‌ത്തുകയായിരുന്നു. വെസ്റ്റ് ബാങ്കിൽ ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ച മറ്റ് മൂന്ന് പേർ നിലവിൽ ആശുപത്രിയിലാണ്. ഇവരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. സംഭവത്തെ ഇസ്രായേൽ പ്രധാനമന്ത്രി യായിർ ലാപിഡ് അപലപിച്ചു. മുഴുവൻ സേനയെയും ഉപയോഗിച്ച് തീവ്രവാദത്തിനെതിരെ നിർത്താതെ പൊരുതുകയാണ് ഇസ്രായേലെന്നും അദ്ദേഹം പറഞ്ഞു.
വെസ്റ്റ്ബാങ്കിൽ നിന്നിരുന്ന ഇസ്രായേലി പൗരന്മാരെ തിരഞ്ഞുപിടിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു അക്രമിയെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ ഭീകരനെ സഹായിക്കാൻ ശ്രമിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഹെയേഴ്‌സ് എന്ന സമീപ ഗ്രാമത്തിലെ 18-കാരനായ മുഹമ്മദ് സൂഫാണ് അക്രമിയെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും പൈശാചികമായ ഈ സംഭവത്തെ വീരോചിത നടപടിയെന്നാണ് ഗാസ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹമാസ് ഭീകരർ പ്രതികരിച്ചത്.
Comments