തൃശൂർ: സർവ്വകലാശാലകളിൽ വിസിമാരെ നിയമിക്കാൻ സെർച്ച് കമ്മിറ്റി വേണം, ഗവർണറെ നിയമിക്കുമ്പോൾ ഇതൊന്നും ഇല്ലേയെന്ന് മുൻ എംപിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കെ ശ്രീമതി. ഗവർണർക്ക് പ്രത്യേകിച്ച് അധികാരമൊന്നും ഇല്ല. എന്നാൽ ഇല്ലേ എന്ന് ചോദിച്ചാൽ ഉണ്ട്. സംസ്ഥാനങ്ങളിലേക്ക് ഗവർണറെ നിശ്ചിയിക്കുമ്പോൾ ആ സംസ്ഥാനം ഭരിക്കുന്നവരോട് ചോദിക്കണ്ടേ അതൊരു സാമാന്യ നീതിയല്ലേ?. കോൺഗ്രസ് ഭരിക്കുന്ന കാലത്തും ഇത് തന്നെയാണ് സ്ഥിതി. തൃശൂരിൽ ഗവർണർക്കെതിരെ നടന്ന എൽഡിഎഫ് പ്രതിഷേധ വേദിയിലാണ് ശ്രീമതിയുടെ വാക്കുകൾ.
നയപ്രഖ്യാപന പ്രസംഗം നടത്താൻ ഗവർണറെ ചുമതലപ്പെടുത്തിയ കീഴ് വഴക്കത്തെയും ശ്രീമതി വിമർശിച്ചു. എന്റെ സർക്കാർ എന്നാണ് ഗവർണർ സർക്കാരിനെ പറയേണ്ടത്. നയപ്രഖ്യാപന പ്രസംഗം നടത്തുമ്പോൾ അങ്ങനെയാണ് ഗവർണർ പറയുക. നയപ്രഖ്യാപനം നടത്താൻ ഗവർണർക്കാണ് അധികാരം. ആലോചിക്കണം, അങ്ങ് ഏൽപിക്കുകയാണ് നമ്മുടെ സർക്കാർ. നിങ്ങളങ്ങ് പറഞ്ഞോളൂ എന്ന് പറഞ്ഞ്. അദ്ദേഹം അങ്ങ് പ്രസംഗിക്കുകയാണ് എന്റെ സർക്കാർ എന്ന് ശ്രീമതി പറഞ്ഞു.
ആരിഫ് മുഹമ്മദ് ഖാനെപ്പോലുളള ഒരാൾ ആ സ്ഥാനത്ത് ഇരുന്നുകൂടായെന്നും രാജിവെച്ച് സ്ഥാനം കാലിയാക്കണമെന്നും ശ്രീമതി പറഞ്ഞു. ഒരു സർക്കാരിനെ തകർക്കാൻ അയാളുടെ ആവനാഴിയിലെ ആയുധങ്ങൾ മുഴുവൻ എടുക്കുകയാണ്. അയാളുടെ ആവശ്യങ്ങൾ മുഴുവൻ നിറവേറ്റണം. എന്തൊക്കെ വേണം. ആയൂർവേദ മസാജുളള ആശുപത്രി വേണം, ഡെന്റൽ ക്ലിനിക്ക് വേണം. ചോദിക്കുമ്പോ ചോദിക്കുമ്പോ സർക്കാർ എല്ലാം പാസാക്കി കൊടുക്കുകയാണ്.
വരാൻ പോകുന്ന അഞ്ചോ പത്തോ കൊല്ലം കൊണ്ട് വൈജ്ഞാനിക സമൂഹമാക്കി മാറ്റാൻ കഴിയത്തക്ക വിധത്തിൽ ഇപ്പോ തന്നെ കേരളം ഒന്നാം സ്ഥാനത്താണ്. കേരളത്തെ വൈജ്ഞാനിക സമൂഹമാക്കാൻ സർക്കാർ കഷ്ടപ്പെടുമ്പോഴാ ഗവർണർ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് പി.കെ ശ്രീമതി കുറ്റപ്പെടുത്തി. ശാസ്ത്ര, സാങ്കേതിക മേഖലകളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ
പ്രഗൽഭരായ ആളുകളോട് മത്സരിക്കാൻ കഴിയുന്ന തരത്തിൽ കേരളത്തെ ഒരു വൈജ്ഞാനിക സമൂഹമാക്കി മാറ്റണമെന്ന എൽഡിഎഫ് പ്രകടന പത്രികയിലെ ആ ഭാഗം കണ്ടതു മുതൽ തുടങ്ങിയതാണ് കേരളത്തിലെ ഗവർണറുടെ കണ്ണുകടി. അസൂയയ്‌ക്ക് മരുന്നില്ല, കണ്ടു പിടിച്ചിട്ടില്ലെന്നും പി.കെ ശ്രീമതി പറഞ്ഞു.
ഇന്ത്യയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വർഷങ്ങളുടെ പാരമ്പര്യമുളള സർവ്വകലാശാലകൾക്കൊപ്പം കേരളത്തിലെ സർവ്വകലാശാലകളെ മാറ്റിയെടുക്കാനുളള തീരുമാനം വന്നപ്പോൾ അങ്ങനെ ഇതിന് അനുവദിച്ചുകൂടാ എന്ന നിലപാടാണെന്നും ശ്രീമതി കുറ്റപ്പെടുത്തി.
Comments