എപ്പോഴാണ് നിങ്ങൾ ഉപയോഗിക്കുന്ന ടൂത്ത് ബ്രഷ് അവസാനമായി മാറ്റിയത്? അത് നിങ്ങൾക്ക് ഓർക്കാൻ കഴിയുന്നില്ലെങ്കിൽ എത്രയും പെട്ടെന്ന് നിങ്ങൾ പുതിയ ബ്രഷ് ഉപയോഗിക്കണമെന്നാണ് സൂചിപ്പിക്കുന്നത്.
പല്ലുകളെ ശരിയായ വിധം സംരക്ഷിച്ചില്ലെങ്കിൽ ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങളും സംഭവിക്കാമെന്ന് ദന്തരോഗ വിദഗ്ധർ പറയുന്നു. ചിലർക്ക് ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ പോലും തെറ്റായ ദന്തസംരക്ഷണം മൂലം വന്നുപെടാം. പല്ലുകളുടെ ആരോഗ്യത്തിന് വേണ്ടി നാം നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം. കഴിക്കുന്ന ഭക്ഷണം, വായ കഴുകുന്ന രീതി എന്നിവയെല്ലാം പ്രധാനപ്പെട്ടതാണ്. അതിൽ തന്നെ ശ്രദ്ധിക്കേണ്ട ഒന്നാണ് ടൂത്ത് ബ്രഷ് ഉപയോഗം. ഒരേ ടൂത്ത് ബ്രഷ് കൂടുതൽ കാലം ഉപയോഗിക്കുന്നത് പല്ലുകൾക്ക് പല പ്രശ്നങ്ങളും സൃഷ്ടിച്ചേക്കാം.
കുറഞ്ഞത് മൂന്ന് മാസത്തിലൊരിക്കൽ ടൂത്ത് ബ്രഷ് മാറ്റിയിരിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. എന്നാൽ കൂടുതൽ തവണ പല്ലുതേയ്ക്കുന്നയാളുകൾക്ക് അതിന് മുമ്പ് തന്നെ ബ്രഷ് മാറ്റേണ്ടി വരും. ജലദോഷമോ പനിയോ ബാധിച്ച് രോഗമുക്തി ലഭിച്ചുകഴിഞ്ഞാലും പുതിയ ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നതാണ് നമ്മുടെ ആരോഗ്യത്തിന് നല്ലത്.
പല്ല് തേച്ചുകഴിഞ്ഞാൽ ബ്രഷ് ഉണങ്ങിയതിന് ശേഷം മാത്രം അവ എടുത്തുവെക്കുക. അല്ലാത്ത പക്ഷം ബ്രഷിൽ ബാക്ടീരിയകൾ പെരുകുന്നതാണ്. ടൂത്ത് ബ്രഷിലെ നാരുകൾ ദ്രവിച്ചുതുടങ്ങിയെന്ന് തോന്നിയാലും ബ്രഷ് ഉടൻ തന്നെ മാറ്റേണ്ടതാണ്. ഇത്തരം സാഹചര്യങ്ങളിൽ ബ്രഷ് വാങ്ങി മൂന്ന് മാസം പിന്നിട്ടില്ലെങ്കിലും പുതിയത് ഉപയോഗിക്കേണ്ടതാണ്.
പല്ലുതേയ്ക്കുന്നതിന് മുമ്പ് ഡെന്റൽ ഫ്ളോസ് ഉപയോഗിച്ച് പല്ല് വൃത്തിയാക്കുന്നതും പല്ലിന്റെ ആരോഗ്യത്തിന് നല്ലതാണ്. ബ്രഷ് എത്താത്ത പല്ലിന്റെ വിവിധ ഭാഗങ്ങളിൽ ചെന്ന് അഴുക്ക് നീക്കം ചെയ്യാൻ ഇത് സഹായിക്കും. വായിൽ ബാക്ടീരിയ തങ്ങി നിൽക്കുന്നത് തടയാനും ഇത് ഗുണം ചെയ്യും. ദിവസവും ഒരു നേരമെങ്കിലും പല്ലുകൾ ഫ്ളോസ് ചെയ്യുക. പ്രത്യേകിച്ചും രാത്രി ഭക്ഷണം കഴിഞ്ഞതിന് ശേഷം ഫ്ളോസ് ചെയ്യുന്നത് പല്ലുകൾക്ക് നല്ലതാണ്.
പല്ലിൽ ഏതെങ്കിലും ഭാഗത്ത് കറുത്ത നിറത്തിലുള്ള കുത്ത് കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണേണ്ടതാണ്. ഇത് പല്ലിനകത്തെ കേടുപാടുകളെയാണ് സൂചിപ്പിക്കുന്നത്. ദിവസവും രണ്ട് നേരം പല്ലുതേയ്ക്കുക എന്നതും നിർബന്ധമായി ചെയ്തിരിക്കേണ്ട ഒന്നാണ്. രാത്രി ഉറങ്ങുന്നതിന് മുമ്പ് പല്ല് തേയ്ക്കുന്നത് പല്ലിന്റെ അനാരോഗ്യത്തെ ഒരുപരിധി വരെ തടയും.
Comments