ബിരുദ വിദ്യാഭ്യാസമുള്ള ഇന്ത്യൻ പൗരന്മാർക്ക് യുകെയിൽ ജോലി ചെയ്യാം; ഓരോ വർഷവും 3,000 വിസകൾക്ക് അനുമതി ; വ്യാപാര കരാർ പുനരുജ്ജീവിപ്പിക്കാനൊരുങ്ങി യുകെ പ്രധാനമന്ത്രി ഋഷി സുനക്

Published by
Janam Web Desk

ലണ്ടൻ: ഇന്ത്യയിൽ നിന്നുള്ളവർക്ക് ഓരോ വർഷവും 3,000 വിസകൾ നൽകുമെന്ന് വ്യക്തമാക്കി യുകെ പ്രധാനമന്ത്രി ഋഷി സുനക്. രാജ്യത്തെ യുവാക്കൾക്ക് യുകെയിൽ ജോലി ചെയ്യുന്നതിനാണ് വിസ നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുമായുള്ള വ്യാപാര കരാർ സംബന്ധിച്ച പദ്ധതികൾ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് യുകെ പ്രധാനമന്ത്രി.

18 മുതൽ 30 വരെ പ്രായമുള്ള കുറഞ്ഞത് ബിരുദ വിദ്യാഭ്യാസമുള്ള ഇന്ത്യൻ പൗരന്മാർക്ക് യുകെയിലെത്തി രണ്ട് വർഷം വരെ ജോലി ചെയ്യാനായി 3,000-ത്തോളം ഇടങ്ങളാണ് സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത്തരമൊരു പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യയെന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധവും സമ്പദ് വ്യവസ്ഥയും ദൃഢമാക്കുന്നതിന് ഈ പദ്ധതി വഴി സാദ്ധ്യമാകുമെന്നും യുകെ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇന്തോ-പസഫിക് രാജ്യങ്ങളിൽ ഏറെ ബന്ധം പുലർത്തുന്നത് ഇന്ത്യയുമായാണ്. യുകെയിലെ അന്താരാഷ്‌ട്ര വിദ്യാർത്ഥികളിൽ നാലിലൊന്ന് പേരും ഇന്ത്യൻ പൗരന്മാരാണ്. ജി 20 ഉച്ചകോടിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ഋഷി സുനക് സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര കരാർ സംബന്ധിച്ച് ചർച്ചകൾ നടത്തുകയാണ്. ഇത് യാഥാർത്ഥ്യമായാൽ ഒരു യൂറോപ്യൻ രാജ്യവുമായി ഇന്ത്യ നടത്തുന്ന ആദ്യ ഇടപാടായിരിക്കും. 24 ബില്യൺ പൗണ്ടിന്റെ മൂല്യമുള്ള കരാറിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.

Share
Leave a Comment