തിരുവനന്തപുരം : തിരുവനന്തപുരം സംസ്‌കൃത കോളേജിൽ ഗവർണറെ അധിക്ഷേപിച്ചുകൊണ്ട് എസ്എഫ്‌ഐ ബാനർ സ്ഥാപിച്ച സംഭവത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ടി മാപ്പപേക്ഷിച്ച് പ്രിൻസിപ്പൽ. ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് ഖേദം പ്രകടിപ്പിക്കുന്നതായി കോളേജ് പിൻസിപ്പൽ കെഡി ശോഭ പറഞ്ഞു. സംഭവത്തിൽ സർവകലാശാല രജിസ്ട്രാർക്കും വിശദീകരണം നൽകി.
ഒരു കലാലയത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് ഉണ്ടായത് എന്നാണ് പ്രിൻസിപ്പൽ പറഞ്ഞത്. ഇത് താൻ അറിഞ്ഞിരുന്നില്ലെന്നും ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ നോട്ടീസ് നൽകിയെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.
നേരത്തെ സംഭവത്തിൽ ന്യായീകരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രംഗത്തെത്തിയിരുന്നു. കുട്ടികൾക്ക് മുതിർന്നവരോളം തന്നെ പക്വമായ രീതിയിൽ കാര്യങ്ങൾ കാണാൻ ചിലപ്പോൾ കഴിഞ്ഞെന്ന് വരില്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. താനവിടെ ചെന്ന് കുട്ടികളുടെ നേതാവായിട്ടുള്ള യൂണിയൻ ചെയർമാനോട് അത് നീക്കം ചെയ്യാൻ പറഞ്ഞു. അപ്പോഴേക്കും കുട്ടികളത് നീക്കിയെന്നാണ് മന്ത്രി പറഞ്ഞത്. കുട്ടികൾ പ്രതികരിക്കുന്നത് അവരുടെ പ്രായത്തിന്റെ പ്രത്യേകതകൾ കൊണ്ടാണ് എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസമാണ് സംസ്‌കൃത കോളേജിന്റെ ഗേറ്റിൽ ഗവർണറെ അധിക്ഷേപിച്ചുകൊണ്ടുള്ള ബാനർ ഉയർന്നത്. ‘ഗവർണറിന്റെ തന്തേടെ വകയല്ല രാജ്ഭവൻ’ എന്നായിരുന്നു ബാനറിലെ അധിക്ഷേപകരമായ വാചകങ്ങൾ. സംഭവം വിവാദമായതോടെ എസ്എഫ്‌ഐ പ്രവർത്തകർ കോളേജ് കവാടത്തിൽ നിന്നും ബാനർ അഴിച്ചുമാറ്റുകയും ചെയ്തിരുന്നു.
Comments