മലപ്പുറം: വിമർശനങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കുന്നവരാണ് ഇംഗ്ലീഷുകാരെന്നും അവരുടെ ജനാധിപത്യ ബോധം അപാരമാണെന്നും മുൻ മന്ത്രിയും എംഎൽഎയുമായ കെ.ടി ജലീൽ. ടി20 ലോകകപ്പിന്റെ ഫെെനലിൽ പാകിസ്താനെ കീഴടക്കിയ ശേഷം ഷാമ്പെയ്ൻ പൊട്ടിച്ച് ഇംഗ്ലണ്ട് വിജയം ആഘോഷിച്ചപ്പോൾ ടീം അംഗങ്ങളായ മോയിൻ അലിയെയും ആദിൽ റഷീദിനെയും ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലർ മാറ്റി നിർത്തിയത് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് എംഎൽഎ ബ്രിട്ടീഷ് രീതികളെ പുകഴ്‌ത്തിയത്.
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഉടമകളെന്നാണ് ബ്രിട്ടീഷുകാർ വിശേഷിപ്പിക്കപ്പെടാറ്. ഇന്ത്യയുൾപ്പെടെ പല കോളനികളും അടക്കി വാണിട്ടും പല ബ്രിട്ടീഷ് രീതികളും മര്യാദകളും മൂല്യങ്ങളും ഇന്നും പല ദിക്കുകാരും പിന്തുടരുന്നത് പതിവു കാഴ്ചയാണ്. വിമർശനങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കാനുള്ള ഇംഗ്ലീഷ് മനസ്സ് അപാരമാണ്. ശശി തരൂർ ബ്രിട്ടീഷുകാരുടെ മുഖത്ത് നോക്കി ‘നിങ്ങളാണ് ഇന്ത്യയുടെ അധോഗതിയുടെ കാരണക്കാരെന്നും നിങ്ങൾ ഒരുക്കിയ പശ്ചാത്തല സൗകര്യങ്ങളെല്ലാം ഞങ്ങളെ അടിച്ചൊതുക്കാനും ഞങ്ങളുടെ സമ്പത്ത് കൊള്ളയടിക്കാനുമാണെന്നും തുറന്നടിച്ചു’. തരൂരിന്റെ വാക്കുകൾ കയ്യടിച്ച് സ്വീകരിച്ച ഇംഗ്ലീഷുകാരുടെ ജനാധിപത്യബോധം ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.
മറ്റുള്ളവരെ മനസ്സിലാക്കാനും അപരന്റെ മനോഗതത്തെ ബഹുമാനിക്കാനുമുള്ള ബ്രിട്ടീഷ് മനസ്സിന്റെ ബഹിർപ്രകടനത്തിനാണ് 20-20 ലോകക്കപ്പ് ക്രിക്കറ്റിന്റെ സമാപന വേദിയും സാക്ഷ്യം വഹിച്ചത്. എല്ലാ രാജ്യങ്ങളിലുമെന്ന പോലെ ബ്രിട്ടനിലും സന്തോഷ മുഹൂർത്തങ്ങളിൽ പിന്തുടരുന്ന പരമ്പരാഗത ആചാരങ്ങളും ശീലങ്ങളുമുണ്ട്. അതിനോട് യോജിപ്പുള്ളവരും വിയോജിപ്പുള്ളവരും ഉണ്ടാവുക സ്വാഭാവികം. പരസ്പരം മനസ്സിലാക്കാനും മറ്റുള്ളവരുടെ വിശ്വാസം കണ്ടറിഞ്ഞ് ബഹുമാനിക്കാനുമുള്ള മനസ്സാണ് ഓരോ വ്യക്തിയിൽ നിന്നും കാലം ആവശ്യപ്പെടുന്നത്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലറിൽ നിന്നും ലോകം കണ്ടതെന്ന് ജലീൽ പറയുന്നു.
Comments