ഇസ്താംബൂൾ: ഇസ്ലാം മതപ്രഭാഷകനായ ടിവി അവതാരകനെ 8,658 വർഷത്തെ തടവിന് ശിക്ഷിച്ച് ഇസ്താംബൂൾ കോടതി. ലൈംഗികാതിക്രമം, പ്രായപൂർത്തിയാകാത്തവരെ ദുരുപയോഗം ചെയ്യൽ, വഞ്ചന, രാഷ്‌ട്രീയ സൈനിക ചാരപ്രവർത്തനം എന്നീ കുറ്റകൃത്യങ്ങൾക്കാണ് അദ്‌നാൻ ഒക്തർ എന്ന മതപ്രഭാഷകനെ ശിക്ഷിച്ചത്.
ഒക്തറിനൊപ്പം കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിന്ന മറ്റ് പത്ത് പ്രതികൾക്കും 8,658 വർഷം വീതം കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. ഒക്തറിനെതിരെ ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ജയിൽ ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ഇസ്താംബൂളിലെ ഹൈ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്.
‘കിറ്റെൻസ്’ എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്ന യുവതികളോടൊപ്പം സ്ഥിരമായി ടെലിവിഷൻ പരിപാടികൾ അവതരിപ്പിച്ചിരുന്നയാളാണ് തുർക്കി സ്വദേശിയായ അദ്‌നാൻ ഒക്തർ. ഓൺലൈൻ എ9 എന്ന ടെലിവിഷൻ ചാനലിലൂടെയാണ് ഇയാൾ പരിപാടികൾ അവതരിപ്പിച്ചിരുന്നത്.
തുർക്കിയിലെ കൾട്ട് നേതാവ് കൂടിയാണ് അദ്‌നാൻ ഒക്തർ. 66-കാരനായ ഒക്തർക്ക് ആദ്യം 1,075 വർഷം കോടതി ശിക്ഷ വിധിച്ചെങ്കിലും അത് മേൽക്കോടതി റദ്ദാക്കിയിരുന്നു. പിന്നീട് കേസിൽ വിചാരണ തുടർന്നപ്പോഴാണ് ഹൈ ക്രിമിനൽ കോടതി 8,658 വർഷം ശിക്ഷ വിധിച്ചത്.
Comments