കൊച്ചി: പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട ഹർജിയിലെ അഭിപ്രായങ്ങളുമായി ബന്ധപ്പെട്ട് കോടതിയ്‌ക്കെതിരായി പരാമർശങ്ങൾ നടക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. കോടതിയിൽ നടത്തുന്ന പരാമർശങ്ങൾ വ്യക്തിപരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വാദം കേൾക്കുന്ന വേളയിൽ പല പരാമർശങ്ങളും കോടതി നടത്താറുണ്ട്. അത്തരം പരാമർശങ്ങൾക്ക് മറ്റ് ഉദ്ദേശ്യങ്ങളില്ല. പ്രിയാ വർഗീസിനെതിരായ ഹർജി പരിഗണിക്കുമ്പോൾ കുഴിവെട്ടുകയെന്ന പ്രയോഗം നടത്തിയിട്ടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
കക്ഷികൾ കോടതിയെ ശത്രുവായി കാണേണ്ടതില്ല. നാഷണൽ സർവീസ് സ്‌കീമിന്റെ പ്രവർത്തനങ്ങളോട് ബഹുമാനം മാത്രമാണുള്ളതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഹൈക്കോടതി പരാമർശങ്ങൾക്കെതിരെ പ്രിയാ വർഗീസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ പരാമർശം. എൻഎസ്എസിന് വേണ്ടി കുഴിവെട്ടാൻ മാത്രമല്ല, കക്കൂസ് വെട്ടിയാലും അഭിമാനം മാത്രമാണെന്നായിരുന്നു പ്രിയയുടെ പോസ്റ്റ്. എന്നാൽ കുറിപ്പ് വൈറലായതിന് പിന്നാലെ പ്രിയ ഇത് ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തു.
പ്രിയയുടെ പ്രതികരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, കോടതിയിൽ സംഭവിച്ചത് അവിടെ അവസാനിക്കണമെന്ന് പറഞ്ഞു. എൻഎസ്എസിന്റെ ഭാഗമായി പല കാര്യങ്ങളും ചെയ്തിട്ടുണ്ടാകും. അത് അദ്ധ്യാപന പരിചയമാണോ എന്നാണ് കോടതി നോക്കിയത്. കോടതിയിൽ പല കാര്യങ്ങളും വാദത്തിനിടയിൽ പറയും. അത് പൊതുജനത്തിന് മനസിലാകണമെന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
















Comments