തിരുവനന്തപുരം: കുഴിവെട്ടിയതൊന്നും അദ്ധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ല എന്ന് ഹൈക്കോടതി പറഞ്ഞു എന്ന വാർത്തയ്‌ക്ക് പിന്നാലെ കോടതിയ്‌ക്കെതിരെ പ്രിയാവർഗീസ് ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്തു വന്നിരുന്നു. തൊട്ടുപിന്നാലെ കോടതി വിധി മുന്നിൽ കണ്ടുകൊണ്ട് പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. കേസിൽ കോടതി വിധി പറയുന്നതിനിടെ താൻ ഇട്ട് പോസ്റ്റിൽ ന്യായീകരണവുമായി രംഗത്തു വന്നിരിക്കുകയാണ് പ്രിയാ വർഗീസ്. ‘അർപ്പുതാമ്മാളിന്റെ പോരാട്ടത്തിനൊപ്പം നിന്ന കോടതിയോട് ആദരവ് മാത്രമേ ഉള്ളൂ. മാദ്ധ്യമങ്ങളിൽ വന്ന വാർത്തയോടായിരുന്നു എന്റെ പ്രതികരണം. ഒന്നും രണ്ടുമല്ല പല മാദ്ധ്യമങ്ങളിൽ വന്ന വാർത്തയോട്’ എന്നാണ് പ്രിയാ വർഗീസ് ഫെയ്സ്ബുക്കിൽ കുറിച്ചത്.
പ്രിയാ വർഗീസിന്റെ ഫേസ്ബുക്ക് പ്രതികരണത്തിൽ കോടതി അതൃപ്തി പങ്കുവെച്ചതിന്റെ പിന്നാലെയാണ് ഫെയ്സ്ബുക്കിലൂടെയുള്ള ന്യായീകരണം. കോടതിയിൽ നടത്തുന്ന പരാമർശങ്ങൾ വ്യക്തിപരമല്ല. വാദം കേൾക്കുന്ന വേളയിൽ പല പരാമർശങ്ങളും കോടതി നടത്താറുണ്ട്. അത്തരം പരാമർശങ്ങൾക്ക് മറ്റ് ഉദ്ദേശങ്ങളില്ല. പ്രിയാ വർഗീസിനെതിരായ ഹർജി പരിഗണിക്കുമ്പോൾ കുഴിവെട്ടുകയെന്ന പ്രയോഗം നടത്തിയിട്ടില്ല എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേസ് പരിഗണിക്കവെ വ്യക്തമാക്കിയിരുന്നു.
‘നാഷണൽ സർവീസ് സ്കീമിന് വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രം’ എന്നാണ് പ്രിയാ വർഗീസ് കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ കുറിച്ചത്. പോസ്റ്റ് ഇട്ടതിന് മിനിട്ടുകൾക്കുള്ളിൽ തന്നെ പ്രിയാ വർഗീസ് ഇത് പിൻവലിക്കുകയും ചെയ്തു. ഹൈക്കോടതി പരാമർശത്തിന് നൽകിയ മറുപടി അനൗചിതമാണെന്നും വിധിയെ അത് മോശമായി ബാധിക്കും എന്ന് ഉപദേശം ലഭിച്ചതിനാലാവാം എഫ്ബി പോസ്റ്റ് പിൻവലിച്ചത്.
Comments