മുംബൈ: ഇന്ദിരാഗാന്ധിയുടെ ജൻമദിനമായ നവംബർ 19 ന് ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം നടക്കുക സ്ത്രീകൾ മാത്രം. കോൺഗ്രസിന്റെ വാർത്താ വിഭാഗം ചുമതലയുളള ജനറൽ സെക്രട്ടറി ജയറാം രമേശ് ആണ് ഇക്കാര്യം അറിയിച്ചത്. അന്ന് മുഴുവൻ സമയവും രാഹുലിനൊപ്പം സ്ത്രീകൾ മാത്രമായിരിക്കും ജോഡോ യാത്രയിൽ അണിനിരക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ മഹാരാഷ്‌ട്രയിലാണ് ജോഡോ യാത്ര പര്യടനം നടത്തുന്നത്. നവംബർ 19 ന് ബുൽദാനയിലെ ഷെഗാവ് ജില്ലയിൽ നിന്നും ഭെന്ദ്വാൽ വരെയാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ സ്ത്രീകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് ജയറാം രമേശ് വിശദീകരിച്ചില്ല. പ്രമുഖ വനിതകളാരെങ്കിലും പങ്കെടുക്കുമോയെന്നും വിശദമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം നടി റിയ സെൻ രാഹുലിനൊപ്പം ജോഡോ യാത്രയിൽ പങ്കെടുത്തിരുന്നു.
തമിഴ്‌നാട്, കേരളം, കർണാടക, ആന്ധ്രാ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ പര്യടനം നടത്തിയ ശേഷമാണ് ജോഡോ യാത്ര മഹാരാഷ്‌ട്രയിൽ എത്തിയത്. സംസ്ഥാനത്തെ അഞ്ച് ജില്ലകളിലായി 15 നിയമസഭാ മണ്ഡലങ്ങളിലും ആറ് പാർലമെന്റ് മണ്ഡലങ്ങളിലും യാത്ര പര്യടനം നടത്തും. മഹാരാഷ്‌ട്രയിൽ നിന്നും മദ്ധ്യപ്രദേശിലേക്കാണ് യാത്ര കടക്കുക.
സെപ്തംബർ ഏഴിന് കന്യാകുമാരിയിൽ നിന്നാണ് ജോഡോ യാത്ര ആരംഭിച്ചത്. 3570 കിലോമീറ്റർ ദൂരം താണ്ടി അടുത്ത വർഷം കശ്മീരിലാണ് അവസാനിക്കുക. ഇതുവരെ 1608 കിലോമീറ്റർ താണ്ടിയതായിട്ടാണ് കോൺഗ്രസ് പറയുന്നത്.
Comments