കണ്ണൂർ: പ്രിയാ വർഗീസിന് അസോസിയേറ്റ് പ്രൊഫസറായി തുടരാൻ യോഗത്യയില്ലെന്ന് ഹൈക്കോടതി വിധി പറഞ്ഞതിന് പിന്നാലെ പ്രതികരണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. ഹൈക്കോടതി വിധി പല പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ടെന്നും വിധി സ്ത്രീ സമൂഹത്തിന് വെല്ലുവിളിയാണെന്നും എം.വി.ജയരാജൻ പറഞ്ഞു. കോടതി വിധിയുടെ വിശദാംശങ്ങൾ പഠിച്ചിട്ടില്ല. വിധി കൃത്യമായി മനസ്സിലാക്കിയ ശേഷമെ വിശദമായി പ്രതികരിക്കാൻ സാധിക്കൂ എന്നുമാണ് സിപിഎം നേതാവിന്റെ പ്രതികരണം.
ഈ വിധി സൃഷ്ടിക്കുന്ന ചില പ്രശ്‌നങ്ങളുണ്ട്. അദ്ധ്യാപക പരിചയമെന്നത് എങ്ങനെയാണ്? ഇത് എങ്ങനെ കണക്കാക്കും? ഒരു അദ്ധ്യാപകൻ അദ്ധ്യാപക ജോലിയുടെ ഭാഗമായി ഡെപ്യുട്ടേഷന് പോകേണ്ടി വരും. അക്കാദമിക് ഡെപ്യുട്ടേഷൻ കണക്കാക്കുന്നില്ല എങ്കിൽ ഇന്ന് സ്ഥാനത്തിരിക്കുന്ന ഒരുപാട് പ്രിൻസിപ്പൽമാരെ പുറത്താക്കേണ്ടി വരും. കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ചേർന്ന ശേഷം അസോസിയേറ്റ് പ്രൊഫസറാകണമെങ്കിൽ പിഎച്ച്ഡി വേണം. പിഎച്ച്ഡി കിട്ടണമെങ്കിൽ അതിന് തിരഞ്ഞെടുക്കപ്പെട്ട ഡെപ്യുട്ടേഷൻ വഴി പൂർണ്ണ സാലറിയോടു കൂടി രണ്ടോ രണ്ടര കൊല്ലമോ പിഎച്ച്ഡിയ്‌ക്ക് വേണ്ടി പഠിക്കണം. ഇത് അക്കാദമിക് ഡെപ്യുട്ടേഷനാണ്.
അസോസിയേറ്റ് പ്രൊഫസറാകാൻ കഴിയില്ലെങ്കിൽ പ്രൊഫസറാകാൻ കഴിയില്ല, പ്രൊഫസറാകാൻ കഴിയുന്നില്ലെങ്കിൽ പ്രിൻസിപ്പൽ ആകില്ല. അക്കാദമിക് ഡെപ്യുട്ടേഷന്റെ കാലം സർവ്വീസായി കണക്കാക്കില്ല എന്നാണ് ഈ വിധിയിലൂടെ പുറത്തു വരുന്ന ഒരു സന്ദേശം. അത് വലിയ പ്രത്യാഘാതം സൃഷ്ടിക്കും. ഒരു അദ്ധ്യാപിക പ്രസവത്തിനായി ലീവിന് പോയാൽ അത് അദ്ധ്യാപികയുടെ സേവന കാലമായി പരിഗണിക്കാൻ കഴിയുമോ? ഈ വിധി പ്രകാരം കണക്കാക്കാൻ കഴിയില്ല. ഇത് സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നാണ് എം.വി.ജയരാജൻ പറഞ്ഞത്.
Comments