ലക്‌നൗ: സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. രാംപൂർ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറിന്റെതാണ് നടപടി. ബിജെപി ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ആകാശ് സക്സേനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അസംഖാന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ തീരുമാനിച്ചത്. 1950-ലെ ജനപ്രാതിനിധ്യ നിയമത്തിൽ അനുശാസിക്കുന്ന വ്യവസ്ഥകളെ ചൂണ്ടിക്കാട്ടി വിദ്വേഷ പ്രസംഗ കേസിൽ കുറ്റവാളിയായ അസം ഖാനെ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യുകയായിരുന്നു.
2019ൽ നടന്ന വിദ്വേഷ പ്രസംഗ കേസിൽ കഴിഞ്ഞയാഴ്ചയായിരുന്നു അസം ഖാനെ കോടതി ശിക്ഷിച്ചത്. തുടർന്ന് രാംപൂർ എംഎൽഎ സ്ഥാനത്ത് നിന്നും അസം ഖാനെ അയോഗ്യനാക്കിയിരുന്നു. വിദ്വേഷ പ്രസംഗ കേസിൽ മൂന്ന് വർഷം തടവിനാണ് അസം ഖാനെ കോടതി ശിക്ഷിച്ചത്. എംഎൽഎ സ്ഥാനത്ത് നിന്നും അസം ഖാനെ നീക്കിയതിനെ തുടർന്ന് രാംപൂർ സദർ നിയമസഭാ സീറ്റിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇതിനിടെ നിയമസഭയിൽ നിന്ന് പുറത്താക്കിയതിനെ ചോദ്യം ചെയ്ത് അസം ഖാൻ സുപ്രീം കോടതിയെ സമീപിച്ചിച്ചിരുന്നു. ഈ ഹർജി പരിഗണിക്കാൻ രാംപൂരിലെ സെഷൻസ് കോടതിയോട് സുപ്രീം കോടതി നിർദേശിച്ചു. തുടർന്ന് ഹർജി പരിഗണിച്ച സെഷൻസ് കോടതി അസം ഖാന്റെ ആവശ്യം തള്ളി. ഇതോടെയാണ് രാംപൂർ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയിട്ടുണ്ട്.
Comments