കൊച്ചി: കാനയിൽ വീണ് മൂന്ന് വയസുകാരന് പരിക്ക്. കൊച്ചി പനമ്പിള്ളിനഗറിലെ ഓടയിലാണ് കുഞ്ഞ് വീണത്. വ്യാഴാഴ്ചയായിരുന്നു സംഭവം. കടവന്ത്ര സ്വദേശിയായ കുഞ്ഞാണ് അപകടത്തിൽപ്പെട്ടത്. സംഭവസമയത്ത് കുഞ്ഞിനോടൊപ്പമുണ്ടായിരുന്ന അമ്മയുടെ സമയോചിത ഇടപെടൽ മൂലം മൂന്ന് വയസുകാരൻ രക്ഷപ്പെടുകയായിരുന്നു.
നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുഞ്ഞ്. നെറ്റിയിൽ ചെറിയ പരിക്കേറ്റിട്ടുണ്ടെന്നും അഴുക്കുവെള്ളത്തിൽ വീണതിനാൽ 24 മണിക്കൂർ നിരീക്ഷണം ആവശ്യമാണെന്നും ഡോക്ടർമാർ അറിയിച്ചു.
മെട്രോയിറങ്ങി അമ്മയോടൊപ്പം നടപ്പാതയിലൂടെ വരികയായിരുന്നു കുഞ്ഞ്. പെട്ടെന്ന് തുറന്ന് കിടക്കുന്ന കാനയിലേക്ക് വീഴുകയായിരുന്നു. കാനയിലേക്ക് ഇറങ്ങി രക്ഷപ്പെടുത്താൻ സ്ഥലപരിമിതി ഉണ്ടായിരുന്നതിനാൽ അമ്മ തന്റെ കാലുപയോഗിച്ചാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. കാലുകൊണ്ട് കുഞ്ഞിന്റെ തലയിൽ പിടിച്ച് കാനയിൽ നിന്നും പൊക്കിയെടുക്കുകയായിരുന്നു. ഇതിനിടെ യുവതിയുടെ കരച്ചിൽ കേട്ട് പരിസരവാസികൾ ഓടിയെത്തി. കാനയിൽ നിന്ന് പുറത്തെടുത്ത കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
കാന അടയ്‌ക്കണമെന്ന് നിരവധി തവണ ആവശ്യം ഉയർന്നിരുന്നു. തുടർന്ന് രണ്ട് തവണ കൊച്ചി കോർപ്പറേഷന് പ്രപ്പോസൽ സമർപ്പിച്ചതായും ഫണ്ടില്ലെന്ന് ചൂണ്ടിക്കാട്ടി ആവശ്യം തഴഞ്ഞുവെന്നും കൗൺസിലർ പ്രതികരിച്ചു.
















Comments