മാഡ്രിഡ്: 83 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് യൂറോപ്പ് ദ്വീപസമൂഹത്തിന്റെ തീരങ്ങളിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ കടലാമകളിൽ ഒന്നിന്റെ ഫോസിലുകൾ കണ്ടെടുത്തു. ഉപ ഉഷ്ണമേഖലാ ഭാഗങ്ങളിലെ കടലിലൂടെ സഞ്ചരിക്കുന്ന ഏറ്റവും വലിയ കടലാമകളിൽ ഒന്നാണിത്. ഒരു ചെറിയ കാറിന്റെ വലിപ്പമുണ്ട് ഇവയ്ക്ക്, കൃത്യമായി പറഞ്ഞാൽ ഒരു മിനി കൂപ്പറിന്റെ വലിപ്പം. ശക്തമായ ഒഴുക്കിലും നീന്താൻ ഇവയ്ക്ക് സാധിച്ചിരുന്നു എന്ന് ഗവേഷകർ പറയുന്നു. ലെവിയതനോചെലിസ് എനിഗ്മാറ്റിക്ക എന്ന് ശാസ്ത്രീയ നാമം നൽകിയിട്ടുള്ള ഈ ആമയ്ക്ക് 12 അടി (3.7 മീറ്റർ) നീളവും രണ്ട് ടണ്ണിൽ താഴെ ഭാരവുമുണ്ട്.
ദിനോസറുകളുടെ കാലഘട്ടത്തിലെ അവസാന അദ്ധ്യായമായ ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ ജീവിച്ചിരുന്നവയാണ് ലെവിയതനോചെലിസ് എനിഗ്മാറ്റിക്ക എന്ന കടലാമ. വടക്കുകിഴക്കൻ സ്പെയിനിൽ നിന്നാണ് ഇവയുടെ ഫോസിൽ കണ്ടെത്തിയിരിക്കുന്നത്. ഇന്ന് ഏറ്റവും വലിയ കടലാമയായി വിലയിരുത്തപ്പെടുന്ന ലെതർബാക്കിനെക്കാൾ 5 അടി കൂടുതൽ നീളമുണ്ട് ലെവിയതനോചെലിസ് എനിഗ്മാറ്റിക്കയ്ക്ക്. 7 അടി (2 മീറ്റർ) നീളം വരെ എത്താൻ സാധിക്കുന്ന കടലാമയാണ് ലെതർബാക്ക്.
ഏകദേശം 70 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്നതും 15 അടി (4.6 മീറ്റർ) നീളത്തിൽ എത്തിയതുമായ ആർക്കെലോൺ എന്ന ചരിത്രത്തിലെ ഏറ്റവും വലിയ കടലാമയുമായി ഏതാണ്ട് സാമ്യമുള്ളതാണ് ലെവിയതനോചെലിസ്. ലെവിയതനോചെലിസിന് ഒരു മിനി കൂപ്പറിന്റെ നീളമാണെങ്കിൽ ആർക്കിലോണിന് ടൊയോട്ട കൊറോളയുടെ വലിപ്പം ഉണ്ടായിരുന്നു. ഭൂമിയിൽ ഉണ്ടായിരുന്ന വലിയ ആമകളിൽ പ്രോട്ടോസ്റ്റെഗയും സ്റ്റുപെൻഡെമിസും ഉൾപ്പെടുന്നു. രണ്ടും ഏകദേശം 13 അടി (4 മീറ്റർ) നീളം വരെ വളരും. സമുദ്രത്തിന്റെ അടിത്തട്ടിലാണ് ലെവിയതനോചെലിസ് കൂടുതലും കാണപ്പെടുക എന്നും അപൂർവ്വമായി മാത്രമേ കരയിലേക്ക് വരികയുള്ളു എന്നും ഗവേഷകർ വ്യക്തമാക്കി.
















Comments