കണ്ണൂർ: പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി കണ്ണൂർ വൈസ് ചാനസലർ ഗോപിനാഥ് രവീന്ദ്രൻ. നിയമനം തടഞ്ഞ ഹൈക്കോടതി വിധിയ്‌ക്കെതിരെ അപ്പീൽ നൽകില്ല. വിധി സംബന്ധിച്ച് സർവ്വകലാശാല നിയമോപദേശം തേടും. റാങ്ക്‌ലിസ്റ്റ് പുനർക്രമീകരിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കോടതി ഉത്തരവ് മാനിച്ചുകൊണ്ട് സർവ്വകലാശാല റാങ്ക്‌ലിസ്റ്റ് പുനർക്രമീകരിക്കും. ഷോർട്ട് ലിസ്റ്റിൽ വന്ന മൂന്ന് പേരുടെയും അർഹത പരിശോധിക്കുമെന്നും ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.
പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിരുന്നു. അവരുടെ യോഗ്യത സംബന്ധിച്ച് യുജിസിയോടും വ്യക്തത തേടിയിരുന്നു. എന്നാൽ യുജിസി ഇതുവരെ മറുപടി നൽകിയിട്ടില്ല. യുജിസിയുടെ നിബന്ധനങ്ങൾ എല്ലാം പാലിച്ചാണ് നടപടികൾ സ്വീകരിച്ചത്. ഹൈക്കോടതിയുടെ വിധി എല്ലാ സർവ്വകലാശാലയേയും ബാധിക്കുന്നതാണെന്നും നിലവിൽ കോടതി വിധിയുടെ പകർപ്പ് ലഭിച്ചിട്ടില്ല എന്നും വിസി വ്യക്തമാക്കി. അഭിമുഖ ദൃശ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് നൽകാൻ സാധിക്കില്ല. ദൃശ്യങ്ങൾ നൽകണമെങ്കിൽ ഷോർട്ട് ലിസ്റ്റിൽ വന്ന മൂന്ന് പേരുടെയും സമ്മതം ആവശ്യമാണ്, എന്നാൽ കോടതി ആവശ്യപ്പെടുകയാണെങ്കിൽ ദൃശ്യങ്ങൾ നൽകാമെന്നും ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.
അതേസമയം, ഹൈക്കോടതി വിധിയെ തുടർന്ന് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് പ്രിയാ വർഗീസ് രംഗത്തു വന്നു. അസോസിയേറ്റ് പ്രൊഫസർ തസ്തികയെ അപ്പക്കഷ്ണമെന്നാണ് പ്രിയാ വർഗീസ് വിശേഷിപ്പിച്ചിരിക്കുന്നത്. അസോസിയേറ്റ് പ്രൊഫസർ നിയമനം നഷ്ടപ്പെട്ടതിൽ സങ്കടമില്ല. ജീവിച്ചിരിപ്പുണ്ടെങ്കിൽ അസോസിയേറ്റ് പ്രൊഫസർ ആയിരിക്കും. ഈ സംഭവത്തിൽ തള്ളിമറിക്കുന്നവരെ മാന്താൻ ഇഷ്ടമായതുകൊണ്ടാണ് ഇവിടം വരെ പോരാടിയതെന്നുമാണ് പ്രിയാ വർഗീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
















Comments