പമ്പ: ശബരിമല തീർത്ഥാടനം ആരംഭിച്ചിട്ടും സന്നിധാനത്തും പമ്പയിലുമടക്കം യാതൊരുവിധ മുന്നൊരുക്കങ്ങളും പൂർത്തിയാക്കാത്ത സർക്കാരിനെയും ദേവസ്വം ബോർഡിനെയും വിമർശിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതു കൊണ്ട് ഭക്തജനങ്ങൾ ദുരിതം അനുഭവിക്കുകയാണ്. അയ്യപ്പ ദർശനത്തിനായി ഒഴുകിയെത്തുന്ന തീർത്ഥാടക ലക്ഷങ്ങൾക്ക് പ്രാഥമിക സൗകര്യങ്ങൾ ഒരുക്കി നൽകുന്നതിന് പകരം ലേലക്കൊള്ളയുടെ മറവിൽ ചൂഷണം ചെയ്യാൻ ഭക്തരെ വലിച്ചെറിഞ്ഞു കൊടുക്കുകയാണ് ദേവസ്വം ബോർഡെന്ന് വത്സൻ തില്ലങ്കേരി പറഞ്ഞു.
എരുമേലിയിൽ ഇതുവരെ ഡ്യൂട്ടി ഓഫീസറെ നിശ്ചയിച്ചിട്ടില്ല, ഭക്തർക്ക് വിരിവെയ്‌ക്കാനുള്ള സൗകര്യം ഒരുക്കിയിട്ടില്ല, നിലയ്‌ക്കലിൽ പാർക്കിംഗ് സൗകര്യങ്ങളോ മറ്റ് പ്രാഥമിക സൗകര്യങ്ങളോ ഇല്ല. അന്നദാനത്തിനുള്ള സൗകര്യങ്ങളില്ല, നിലയ്‌ക്കലിൽ നിന്നും പമ്പയിലേക്കുള്ള കെഎസ്ആർടിസി യാത്രയുടെ ചാർജ് കുത്തനെ വർദ്ധിപ്പിച്ചിരിക്കുകയാണ്. ബസുകളിൽ ഭക്തരെ കുത്തിനിറച്ച് അപകടകരമായ രീതിയിലാണ് യാത്ര. ബസ് ചാർജ് 25 രൂപയായി കുറയ്‌ക്കണം. മഴപെയ്താൽ വെള്ളം ഒഴുകുന്ന ചാലുകളിൽ ഭക്തർക്ക് വിരിവെയ്‌ക്കേണ്ടി വരുന്ന അവസ്ഥയാണ് നിലവിലുള്ളത്. ദേവസ്വം ഗസ്റ്റ് ഹൗസുകളിൽ അമിത വാടക ഈടാക്കി ഭക്തരെ ചൂഷണം ചെയ്യുകയാണെന്നും വത്സൻ തില്ലങ്കേരി ചൂണ്ടിക്കാണിച്ചു.
പാതകളിൽ ആരോഗ്യരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ല എന്നുമാത്രമല്ല, വഴിയിൽ പോലീസും വോളണ്ടിയർമാരുമില്ല. ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ എത്രയും വേഗം കാര്യക്ഷമമാക്കണം. ശൗചാലയങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുകയും ശുചിത്വ സംവിധാനങ്ങൾ കാര്യക്ഷമമാക്കുകയും വേണം. മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയമായ സംവിധാനങ്ങളില്ല. മാലിന്യ കേന്ദ്രമാവുകയാണ് പമ്പ. പകർച്ചവ്യാധികൾക്ക് സാധ്യത ഏറെയാണ്. സന്നിധാനത്തെ ശൗചാലയങ്ങളിൽ പലപ്പോഴും വെള്ളമില്ല. ബക്കറ്റില്ലാത്തതും വെളിച്ചക്കുറവും തീർത്ഥാടകർക്ക് ദുരിതം സൃഷ്ടിക്കുകയാണ്. ഭക്തരെ ചൂഷണം ചെയ്യുന്നത് അവസനിപ്പിച്ച് ആവശ്യമായ സൗകര്യങ്ങൾ എത്രയും വേഗം ഒരുക്കണമെന്ന് ഹിന്ദു ഐക്യവേദി പറഞ്ഞു.
















Comments