പാലക്കാട്: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ജോലി നല്‍കിയ സന്നദ്ധ സംഘടനയായ എച്ച്ആർഡിഎസ് കേരളം വിടാനൊരുങ്ങുന്നു. സർക്കാർ നിരന്തരം വേട്ടയാടുന്നുവെന്ന് എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ ജനം ടിവിയോട് പറഞ്ഞു. എച്ച്ആർഡിഎസിന്റെ എല്ലാ ഓഫീസുകളിലും ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുന്നു. സ്വപ്‌ന സുരേഷിന് ജോലി നൽകിയ അന്ന് മുതൽ ആരംഭിച്ചതാണ് സർക്കാരിന്റെ പ്രതികാര നടപടി. എന്തിനാണ് കേരള സർക്കാർ എച്ച്ആർഡിഎസിനെ ഭയക്കുന്നതെന്ന് അറിയില്ല. ആഴ്ചകൾക്ക് മുമ്പ് വിജിലൻസും റെയ്ഡും നടത്തിയിരുന്നുവെന്ന് അജി കൃഷ്ണൻ പറഞ്ഞു.
സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജോലി നൽകിയതിന് പിന്നാലെ എച്ച്ആർഡിഎസിന് രാഷ്‌ട്രീയ ബന്ധം ഉണ്ടെന്നാരോപിച്ച് സിപിഎം നേതാക്കാളും സർക്കാരും രംഗത്തു വന്നിരുന്നു. സർക്കാരിന്റെ വഴിവിട്ട നീക്കങ്ങൾ പുറത്തു വെളിപ്പെടുത്തുന്ന സ്വപ്ന സുരേഷിന് ജോലിയും സംരക്ഷണവും നൽകുന്നതാണ് സർക്കാരിനെ ചൊടിപ്പിച്ചിരിക്കുന്നത്. കേരളം, തമിഴ്നാട്, ഗുജറാത്ത്, ത്രിപുര, അസം, ഝാർഖണ്ഡ് ഉൾപ്പടെയുള്ള ആദിവാസി മേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ഹൈറേഞ്ച് റൂറൽ ഡവലപ്മെന്‍റ് സൊസൈറ്റി എന്ന എച്ച്ആർഡിഎസ്സ്.
1995-ൽ രൂപീകൃതമായതാണ് സംഘടന. ആദിവാസികളുടെ പട്ടയഭൂമി സംഘടന കയ്യേറിയെന്ന് ആരോപണം ഉയർന്നിരുന്നു. ആദിവാസികളെ കയ്യേറ്റം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്തു എന്ന പരാതിയില്‍ എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ കേസുകളൊക്കെ രാഷ്‌ട്രീയ പ്രേരിതമാണെന്നും സ്വപ്നയ്‌ക്ക് ജോലി നൽകിയതിന്റെ പ്രതികാരമാണെന്നും എച്ച്ആർഡിഎസും പറഞ്ഞു.
Comments