ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘നല്ല സമയം’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് ചെയ്യാനെത്തിയ നടി ഷക്കീലയെ തഴഞ്ഞ് കോഴിക്കോട് ഹൈലൈറ്റ് മാൾ അധികൃതർ. നവംബർ 19-ന് വൈകിട്ട് 7-ന് കോഴിക്കോട് ഹൈലൈറ്റ് മാളിൽ നല്ല സമയത്തിന്റെ ട്രെയിലർ ലോഞ്ച് നടക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. എന്നാൽ ട്രെയിലർ ലോഞ്ച് ചെയ്യുന്നത് ഷക്കീലയാണെന്ന് അറിഞ്ഞതോടെ മാൾ അധികൃതർ വിലക്കുകയായിരുന്നു. ഷക്കീലയെ പങ്കെടുപ്പിക്കാൻ സാധിക്കില്ല എന്ന് ഹൈലൈറ്റ് മാൾ അധികൃതർ സിനിമയുടെ അണിയറ പ്രവർത്തകരെ അറിയിച്ചു. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് നടിയെ വിലക്കിയത്. സംഭവം പുറത്തറിഞ്ഞതോടെ ഹൈലറ്റ് മാളിനെതിരെ സിനിമാ പ്രേമികൾ സമൂഹമാദ്ധ്യമങ്ങളിലൂടെ വിമർശനം ഉയർത്തിയിരുന്നു. ഇപ്പോൾ, സംഭവത്തിൽ പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ് സംവിധായകൻ ഒമർ ലുലുവും നടി ഷക്കീലയും. ഒമർ ലുലുവിന്റെ ഫെയ്സ്ബുക്കിലൂടെയാണ് പ്രതികരണത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
‘കോഴിക്കോട് ഹൈലൈറ്റ് മാളിൽ വച്ച് ട്രെയിലർ ലോഞ്ച് പ്ലാൻ ചെയ്തിരുന്നു. പക്ഷെ ചേച്ചിയാണ് ഗസ്റ്റ് എന്നറിഞ്ഞതോടെ പ്രശ്‌നങ്ങൾ ആരംഭിച്ചു. പിന്നാലെ സുരക്ഷാ പ്രശ്‌നങ്ങളും മറ്റ് പലതും ചൂണ്ടിക്കാണിച്ച് വരേണ്ട എന്ന് അറിയിക്കുകയായിരുന്നു. ചേച്ചിയാണെങ്കിൽ ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് വരികയും ചെയ്തു. ഞങ്ങൾക്ക് ആകെ സങ്കടമായി. ചേച്ചിയോട് സോറി പറയുന്നു. ചേച്ചിയെ ഒഴിവാക്കിയത് കൊണ്ട് ട്രെയിലർ ലോഞ്ച് മാളിൽ വച്ച് നടത്തേണ്ട എന്ന് തങ്ങളും തീരുമാനിച്ചു’ എന്ന് സംവിധായകൻ ഒമർ ലുലു പറഞ്ഞു.
‘ക്ഷമ ഒന്നും ചോദിക്കേണ്ട. ഇത് തനിക്ക് പുതിയ അനുഭവമല്ല. കാലങ്ങളായി എന്നെ അവഗണിക്കുന്നതാണ്. സംഭവം അറിഞ്ഞതോടെ കോഴിക്കോട് നിന്ന് പലരും മെസേജ് അയച്ചു. എല്ലാവരെയും ഞാൻ മിസ് ചെയ്യുന്നുണ്ട്. എനിക്ക് മോശമായ അനുഭവമാണ് ഉണ്ടായത്. ഹൃദയം തകർന്നു. നിങ്ങളെല്ലാവരും കൂടിയാണ് എന്നെ ഇവിടെ വരെ എത്തിച്ചത്. എന്നാൽ നിങ്ങൾ തന്നെ ഒരു അംഗീകാരവും എനിക്ക് നൽകുന്നില്ല. എന്താണ് കാരണമെന്ന് എനിക്ക് അറിയില്ല’ എന്നാണ് ഷക്കീലയുടെ പ്രതികരണം.
നവംബർ 25-നാണ് ചിത്രത്തിന്റെ റിലീസ്. ഇർഷാദാണ് ചിത്രത്തിലെ നായകൻ. വിജീഷ്, പുതുമുഖ നായികമാരായ നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. ഒമർ ലുലു സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് നല്ല സമയം. പ്രവാസിയായ കളന്തൂർ ആണ് ചിത്രത്തിന്റെ നിർമ്മാണം. സിനു സിദ്ധാർത്ഥ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ് റതിൻ രാധാകൃഷ്ണൻ.
Comments