ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘നല്ല സമയം’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് ചെയ്യാനെത്തിയ നടി ഷക്കീലയെ കോഴിക്കോട് മാൾ അധികൃതർ തടഞ്ഞത് ഏറെ വിവാദമായിരുന്നു. നവംബർ 19-ന് വൈകിട്ട് 7-ന് മാളിൽ നല്ല സമയത്തിന്റെ ട്രെയിലർ ലോഞ്ച് നടക്കുമെന്ന് അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ട്രെയിലർ ലോഞ്ച് ചെയ്യാനെത്തുന്നത് ഷക്കീല ആണെന്നറിഞ്ഞതോടെ മാൾ അധികൃതർ നടിയെ വിലക്കുകയായിരുന്നു. ഇതിനെതിരെ സംവിധായകനും നടിയും വീഡിയോയിലൂടെ പ്രതികരണവുമായി എത്തുകയും ചെയ്തു. ഇപ്പോൾ, ട്രെയിലർ ലോഞ്ചിന് പകരം കേക്ക് കട്ട് ചെയ്ത് ആഘോഷിച്ചിരിക്കുകയാണ് താരങ്ങൾ. ഇതിന്റെ വീഡിയോ ഒമർ ലുലു സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു.
ചിത്രത്തിന്റെ ട്രെയിലറും അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. ‘എ’ സർട്ടിഫിക്കറ്റാണ് നല്ല സമയത്തിന് ലഭിച്ചിരിക്കുന്നത്. നവംബർ 25-നാണ് ചിത്രത്തിന്റെ റിലീസ്. ഇർഷാദ് നായകനാകുന്ന ചിത്രത്തിൽ പുതുമുഖങ്ങളായ നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ എന്നിവരാണ് നായികമാർ.
ഒമർ ലുലു സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് നല്ല സമയം. പ്രവാസിയായ കളന്തൂർ ആണ് ചിത്രത്തിന്റെ നിർമ്മാണം. സിനു സിദ്ധാർത്ഥ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ഒമർ ലുലുവിന്റെ ഹാപ്പി വെഡിംഗ് എന്ന ചിത്രത്തില്‍ സ്‌പോട്ട് എഡിറ്ററായി വന്ന രതിന്‍ രാധാകൃഷ്ണനാണ് നല്ല സമയത്തിന്റെ എഡിറ്റര്‍.
Comments