ബെയ്ജിംഗ് : ചൈനയിൽ കൊറോണ വ്യാപനം മൂർച്ഛിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഭരണകൂടം. കഴിഞ്ഞ ദിവസം 24,028 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ മാസത്തിന് ശേഷം ആദ്യമായിട്ടാണ് രോഗവ്യാപനം ഇത്രയധികം ഉയരുന്നത്. ഇത് വീണ്ടും വർദ്ധിക്കാൻ സാദ്ധ്യതയുള്ളതിനാൽ പല പ്രദേശങ്ങളിലും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇന്നലെ മാത്രം രാജ്യത്ത് 25000 ത്തോളം പേർക്കാണ് രോഗം ബാധിച്ചത്. ബെയ്ജിംഗിൽ മാത്രം ഇന്നലെ 515 കേസുകൾ റിപ്പോർട്ട് ചെയ്തു. ഈ സാഹചര്യത്തിൽ വിവിധ ഇടങ്ങളിലെ റസ്റ്ററന്റുകളും കടകളും അടച്ചിട്ടിരിക്കുകയാണ്. വാരാന്ത്യങ്ങളിൽ ജനങ്ങളോട് വീടുകളിൽ തന്നെ കഴിയാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ നഗരം വിട്ടുപോയാൽ 48 മണിക്കൂറിനകം ഹാജരായി റിപ്പോർട്ട് സമർപ്പിക്കണം.
ഗ്യാങ് ഷോ, ഛയോയാങ് എന്നിവിടങ്ങളിലാണ് രോഗം ഏറ്റവുമധികം വ്യാപിച്ചിരിക്കുന്നത്. സീറോ കൊറോണ നയങ്ങൾ ഉൾപ്പെടെ സ്വീകരിച്ചിട്ടും രാജ്യത്തിന് കൊറോണ വ്യാപനം നിയന്ത്രിക്കാനായില്ല എന്നാണ് വിലയിരുത്തൽ. അതിനാൽ കൊറോണ രോഗികളെ ചികിത്സിക്കാൻ കൂടുതൽ ആശുപത്രികളും ആരോഗ്യ പരിപാലന കേന്ദ്രങ്ങളും ആരംഭിക്കാനും തീരുമാനമായി.
അതേസമയം സർക്കാരിന്റെ ‘സീറോ കൊറോണ’ നയം ചൈനയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഭരണകൂടം ഏർപ്പെടുത്തിയ കർശനമായ നടപടികൾ വൈറസിനെ നിയന്ത്രിക്കാൻ സഹായിച്ചില്ല. കൊറോണ പൊട്ടിപ്പുറപ്പെട്ടതുമുതൽ ചൈന ‘സീറോ-കൊറോണ’ നയം പാലിക്കുന്നുണ്ടെങ്കിലും ഇതുകൊണ്ട് ഫലമില്ലാതായിരിക്കുകയാണ്. ഇത്തരം നിയന്ത്രണങ്ങൾ രാജ്യത്തെ സാമ്പത്തികമായി പിന്നോട്ട് വലിക്കുക മാത്രമാണ് ചെയ്യുന്നത് എന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Comments