ബെംഗളൂരു: മംഗളൂരുവിൽ ഓട്ടോറിക്ഷ പൊട്ടിത്തെറിച്ച സംഭവത്തിൽ തീവ്രവാദ ബന്ധം ഉറപ്പിച്ച് കർണാടക പോലീസ്. വലിയ സ്‌ഫോടനത്തിനാണ് ഭീകരർ പദ്ധതിയിട്ടതെന്ന് കർണാടക ഡിജിപി അറിയിച്ചു. സ്വാഭാവികമായ അപകടമോ സാധാരണ രീതിയിലുള്ള തീപിടിത്തമോ ആയിരുന്നില്ല മംഗളൂരുവിൽ സംഭവിച്ചത്. തീവ്രവാദ സ്വഭാവമുള്ള ഈ നീക്കം വലിയൊരു ആക്രമണത്തിന് ലക്ഷ്യമിട്ടതിന്റെ ഭാഗമായി സംഭവിച്ചതാണെന്നും കർണാടക ഡിജിപി പ്രതികരിച്ചു.
ഓട്ടോ പൊട്ടിത്തെറിച്ച സംഭവത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയായതിന്റെ പശ്ചാത്തലത്തിലാണ് കർണാടക പോലീസിന്റെ പ്രതികരണം. ശനിയാഴ്ച വൈകിട്ട് 5.10ഓടെയാണ് മംഗലാപുരത്ത് വെച്ച് ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ഓട്ടോ ഡ്രൈവർക്കും വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരനും പരിക്കേറ്റിരുന്നു. ഓട്ടോയിൽ നിന്ന് യാത്രക്കാരൻ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.
സാരമായി പൊള്ളലേറ്റ ഡ്രൈവറും യാത്രക്കാരനും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ ബോംബ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ധരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പൊട്ടിത്തെറിക്ക് കാരണമായത് പ്രഷർ കുക്കർ ബോംബ് ആണെന്ന നിഗമനത്തിലാണ് പോലീസ് എത്തിച്ചേർന്നത്. ഇതിന് പിന്നാലെയാണ് സംഭവത്തിൽ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതായി കർണാടക പോലീസ് വെളിപ്പെടുത്തിയത്.
ചികിത്സയിൽ കഴിയുന്ന യാത്രക്കാരന്റെ പശ്ചാത്തലം അന്വേഷിച്ച് വരികയാണ്. സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച സംഘടനകളെക്കുറിച്ച് നിലവിൽ വിവരം ലഭിച്ചിട്ടില്ല. പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിൽ മംഗളൂരുവിലും ശനിയാഴ്ച വൈകിട്ട് മുതൽ പോലീസിന്റെ കർശന നിരീക്ഷണവും പരിശോധനയും തുടരുന്നുണ്ട്. മംഗളൂരുവിൽ നേരത്തെ പോപ്പുലർ ഫ്രണ്ട് ഭീകരർ പ്രവർത്തിച്ചിരുന്ന സ്ഥലങ്ങളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്.
















Comments