കൊച്ചി:തൃക്കാക്കര കൂട്ടബലാത്സംഗക്കേസിൽ സസ്‌പെൻഷനിലായ സിഐ സുനുവിന്റെ അമ്മ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും.ഉന്നത ഉദ്യോഗസ്ഥർക്ക് പറ്റിയ തെറ്റ് മറയ്‌ക്കാൻ തന്റെ മകന്റെ ജീവനെടുക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നാണ് സിഐയുടെ അമ്മയുടെ ആരോപണം.സുപ്രീം കോടതി നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി തന്റെ മകനെ നാല്പത് മണിക്കൂർ അനധികൃത കസ്റ്റഡിയിൽ വച്ചതും കോടതിയിൽ ചൂണ്ടിക്കാണിക്കും.
മകൻ ആത്മഹത്യയുടെ വക്കിലാണെന്നും ഇനി കോടതി മാത്രമാണ് ശരണമെന്നും അമ്മ സുധർമ്മ രവീന്ദ്രൻ പറയുന്നു.താൻ ആത്മഹത്യയ്‌ക്ക് ഒരുങ്ങുകയാണെന്നും, കൊച്ചി സിറ്റി പോലീസിലെ ഉന്നത ഉദ്യോഗസ്ഥരാണ് കാരണക്കാരെന്നും വ്യക്തമാക്കി സി ഐ സുനു എഴുതിയ കത്തും പുറത്തുവന്നു.
കെട്ടിച്ചമച്ച കേസിൽ ജീവിതം തകർന്നെന്നും കുടുംബമടക്കം ആത്മഹത്യ ചെയ്യുകയേ വഴിയുള്ളൂ എന്നും കാണിച്ച് മുതിർന്ന ഉദ്യോഗസ്ഥർക്ക് സുനു അയച്ച ശബ്ദസന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഇന്നലെയാണ് സുനുവിനെ സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തത്. സിഐയ്‌ക്ക് സാമൂഹിക വിരുദ്ധരുമായി ബന്ധമുണ്ടെന്ന അന്വേഷണ റിപ്പോർട്ടിലാണ് നടപടി. ബലാത്സംഗക്കേസിൽ തെളിവില്ലെന്ന പേരിൽ ചോദ്യം ചെയ്ത് വിട്ടയച്ച സിഐ വീണ്ടും ജോലിയിൽ കയറിയത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. പിന്നാലെയാണ് സസ്‌പെൻഡ് ചെയ്തത്.
















Comments