പ്രേക്ഷകരെ ഞെട്ടിക്കാൻ മറ്റൊരു തെലുങ്ക് ചിത്രം. തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വർമ്മ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘ഹനുമാൻ’ ടീസർ പുറത്തിറങ്ങി. ഭഗവാൻ ഹനുമാന്റെ ശക്തി ലഭിക്കുന്ന അതിമാനുഷികനായ ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. പ്രേക്ഷകരെ കോരിതരിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന രംഗങ്ങൾ കൊണ്ട് നിറഞ്ഞതായിരിക്കും സിനിമ എന്ന് ഉറപ്പു നൽകുകയാണ് ടീസർ.
ഒരു സൂപ്പർ ഹീറോ ചിത്രമായി ഒരുക്കിയിരിക്കുന്ന ഹനുമാൻ തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിൽ റിലീസിനെത്തും. കൽക്കി, സോംബി റെഡ്ഡി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ തെലുങ്ക് സംവിധായകനാണ് പ്രശാന്ത് വർമ്മ. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും പ്രശാന്ത് വർമ്മ തന്നെയാണ്.
പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ സിനിമയാകും ഹനുമാൻ. അമൃത അയ്യർ ചിത്രത്തിൽ നായികയായി എത്തുന്നു. പ്രൈംഷോ എന്റർടെയ്‍ൻമെന്റിന്റെ ബാനറിൽ കെ. നിരഞ്‍ജൻ റെഡ്ഡിയാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത്. വരലക്ഷ്മി ശരത്കുമാർ, വിനയ് റായ്, സത്യാ, രാജ് ദീപക് ഷെട്ടി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ശിവേന്ദ്രയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.
Comments