കൊച്ചി: തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവത്തിന് കൊടിയേറി. എട്ട് ദിവസം നീണ്ട് നിൽക്കുന്ന ഉത്സവത്തിന് പുലിയന്നൂർ ഇല്ലത്ത് അനുജൻ നാരായണൻ നമ്പൂതിരിപ്പാടാണ് കൊടിയേറ്റിയത്. കൊച്ചിൻ ദേവസ്വം ബോർഡും, ശ്രീ പൂർണ്ണത്രയീശ ഉപദേശക സമിതിയും ചേർന്നാണ് ഉത്സവം സംഘടിപ്പിക്കുന്നത്.
തിങ്കളാഴ്ച സന്ധ്യയ്‌ക്ക് ദീപാരാധനയ്‌ക്ക് ശേഷം ക്ഷേത്രത്തിലെ മുളയറയിൽ ഉത്സവത്തിന്റെ ഭാഗമായുള്ള മുളയിടൽ നടന്നു. തുടർന്ന് തന്ത്രിയുടെ കാർമികത്വത്തിൽ സ്വർണക്കൊടി മരച്ചുവട്ടിൽ പുണ്യാഹശുദ്ധി വരുത്തി പ്രത്യേകം പൂജകൾ നടന്നു.ശേഷം വർണ കൊടിക്കൂറ ശ്രീകോവിലിലേക്ക് എഴുന്നുള്ളിച്ചു. വിശേഷാൽ പൂജകൾക്ക് ശേഷം ഗരുഡ വാഹന ചൈതന്യത്തെ കൊടിക്കൂറയിലേക്ക് ആവാഹിച്ച് പൂജിച്ചു. പിന്നീട് പ്രത്യേകം പൂജയ്‌ക്ക് ശേഷമായിരുന്നു ഉത്സവക്കൊടിയേറ്റ്.
രാവിലെ തന്ത്രി പുലിയന്നൂർ ഹരിനാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ ഭഗവാന് ബ്രഹ്മകലശമാടി. തുടർന്ന്വ നെറ്റിപ്പട്ടം കെട്ടിയ 15 ഗജവീരൻമാരോടൊപ്പം പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളത്തോടുകൂടി ഭഗവാന്റെ ശ്രീവേലിയും നടന്നു.
ആറാട്ട് ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 15 ആനകളെ അണിനിരത്തി പഞ്ചാരി മേളത്തോടുകൂടി ശ്രീവേലിയും രാത്രി വിളക്കിനെഴളുന്നുള്ളിപ്പും പ്രധാനമായി നടക്കും. ഉത്സവത്തിന്റെ ഏറ്റവും പ്രധാനമായ ഭഗവാന്റെ തൃക്കേട്ട പുറപ്പാട് വ്യാഴാഴ്ചയാണ്. 28-നാണ് ആറാട്ട്.
Comments