മംഗളൂരു: ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി അടുത്ത ബന്ധമുണ്ടെന്ന് വെളിപ്പെടുത്തി മംഗളൂരു സ്‌ഫോടനക്കേസ് പ്രതി മുഹമ്മദ് ഷാരിഖ്. ഐഎസ് തന്നെ സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്‌തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് ഷാരിഖ് പറഞ്ഞു. ശിവമോഗ ജില്ലയിലെ തീർത്ഥഹള്ളി സ്വദേശിയാണ് ഈ 24-കാരൻ. കുക്കറിൽ ബോംബ് നിർമ്മിച്ച് നഗൂരി ബസ് സ്റ്റാൻഡിൽ സ്‌ഫോടനം നടത്താനായിരുന്നു ഇയാൾ പദ്ധതിയിട്ടിരുന്നത്. എന്നാൽ ഓട്ടോറിക്ഷയിൽ പോകുന്ന വഴി പൊട്ടിത്തെറിക്കുകയായിരുന്നു. തീർത്ഥഹള്ളി, ശിവമോഗ, ഭദ്രാവതി എന്നിവിടങ്ങളിൽ യുവാക്കളെ ഐഎസിലേയ്‌ക്ക് ആകർഷിക്കാനും തീവ്രവാദ പ്രവർത്തനങ്ങൾ ചെയ്യാനും ഷാരിഖ് പ്രേരിപ്പിച്ചുവെന്നും കണ്ടത്തിയിട്ടുണ്ട്.
മുഹമ്മദ് ഷാരിഖിനെപ്പറ്റി ചിലതറിയാം,
ഐഎസിൽ നിന്ന് പ്രചോദനം- ഒരുപറ്റം ആൾക്കാർക്കൊപ്പം ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രത്യയശാസ്ത്രങ്ങൾ പ്രചരിപ്പിക്കുകയും തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ഗൂഢാലോചന നടത്തുകയും ഷാരിഖ് ചെയ്തു. പ്രദേശത്തെ യുവാക്കളോട് നിരന്തരമായി ജിഹാദിന്റെ ആശയങ്ങളും അജണ്ടകളും ഇയാൾ ചർച്ച ചെയ്തു. തീവ്രവാദം, ഐഎസിന്റെയും മറ്റ് ഭീകര സംഘടനകളുടെയും പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പിഡിഎഫ് ഫയലുകൾ, വീഡിയോ, ഓഡിയോ എന്നിവ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി മറ്റുള്ളവർക്ക് ഇയാൾ അയച്ചിരുന്നു.
പേര് മാറ്റി- സ്‌ഫോടനത്തിന് മുമ്പ് മൈസൂരിലെ കെആർ മൊഹല്ലയിലുള്ള മൊബൈൽ റിപ്പയർ ട്രെയിനിംഗ് സെന്ററിൽ പരിശീലനത്തിലായിരുന്നു ഷാരിഖ്. പ്രേം രാജ് എന്ന പേരിലായിരുന്നു ഇയാളുടെ പ്രവർത്തനം. താൻ ഒരു കോൾ സെന്ററിൽ ജോലി അന്വേഷിക്കുകയാണെന്നും അതുവരെ മൊബൈൽ റിപ്പയറിംഗ് ജോലി ചെയ്യണമെന്നും പറഞ്ഞാണ് ഷാരിഖ് മൊബൈൽ റിപ്പയർ ട്രെയിനിംഗ് സെന്ററിൽ ചേർന്നത്. തീവ്രവാദ സംഘടനകളുടേതുൾപ്പെടെ തന്റെ എല്ലാ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും “പ്രേം രാജ്” എന്നാണ് ഷാരിഖ് പേര് ഇട്ടിരുന്നത്. സ്‌ഫോടനത്തിന് മുമ്പ് സെപ്റ്റംബർ 13 മുതൽ 18 വരെ ആലുവയിലായിരുന്നു ഷാരിഖ് താമസിച്ചിരുന്നത്.
മറ്റ് കേസുകളിൽ പ്രതി- ഓഗസ്റ്റ് 15-ന് ജില്ലാ ആസ്ഥാനമായ ശിവമോഗയിലെ പൊതുസ്ഥലത്ത് വി.ഡി സവർക്കറുടെ ഫോട്ടോ വെച്ചതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിലെ പ്രധാന സൂത്രധാരനായിരുന്നു ഷാരിഖ്. സംഭവത്തിൽ ഇയാളുടെ പേര് ഉയർന്നു കേട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാരിഖിനെ ഒളിവിൽ താമസിപ്പിക്കാൻ സഹായിച്ച ചാർബി എന്ന മുഹമ്മദ് സാബിഹുള്ള, സയ്യിദ് യാസിൻ, മാസ് മുനീർ അഹമ്മദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഷാരിഖ് തങ്ങളെ ഭീകരപ്രവർത്തനം ചെയ്യാൻ പ്രലോഭിപ്പിച്ചു എന്ന് അറസ്റ്റിലായവർ തുറന്നു പറഞ്ഞു.
ഷാരിഖിന്റെ വസതിയിൽ നിന്നും ബോംബ് നിർമാണ സാമഗ്രികൾ കണ്ടെടുത്തു- നിരവധി സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിനൊടുവിലാണ് ഷാരിഖിന്റെ മൈസൂരിലെ വാടക വീട്ടിൽ നിന്നും ബോംബ് നിർമാണത്തിനുള്ള സാമഗ്രികൾ കണ്ടെടുത്തത്. ബോംബിന് ആവശ്യമായ ടൈമർ റിലേ സർക്യൂട്ടുകൾ, ബൾബുകൾ, തീപ്പെട്ടികൾ, വയറുകൾ, ബാറ്ററികൾ, സൾഫർ, സ്‌ഫോടക വസ്തുക്കൾ, 14 മൊബൈലുകൾ, രണ്ട് ലാപ്‌ടോപ്പുകൾ, പെൻഡ്രൈവ്, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയാണ് ഇയാളുടെ വസതിയിൽ നിന്ന് കണ്ടെടുത്തത്.
















Comments