ആഗ്രഹിച്ചത് ലഭിക്കാതെ വരുമ്പോൾ, കഠിന പ്രയത്‌നം വിഫലമാകുമ്പോൾ നമുക്ക് സങ്കടം വരുന്ന നിരവധി സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. ഒട്ടും ഇഷ്ടമില്ലെങ്കിലും ജീവിതത്തിൽ പലപ്പോഴും അനുഭവിക്കേണ്ടിവരുന്ന ഒരു അവസ്ഥയാണ് സങ്കടം. പെട്ടന്ന് ഉണ്ടാകുന്ന സങ്കടങ്ങളിൽ നിന്ന് പലപ്പോഴും അതുപോലെ വേഗത്തിൽ നമ്മൾ പുറത്തുകടക്കാറുമുണ്ട്. എന്നാൽ മാറാത്ത സങ്കടം നമ്മളെ വിഷാദത്തിലേക്ക് നയിച്ചേക്കാം.
ദൈനംദിന ജീവിത രീതിയെയുൾപ്പെടെ ബാധിക്കുന്ന സങ്കടങ്ങളാണ് ക്രമേണ നമ്മളിൽ വിഷാദം ഉണ്ടാക്കാറുള്ളത്. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ വിഷാദം വരാം. എന്നാൽ സങ്കടങ്ങൾക്ക് കാരണം ഉണ്ട്. ചില കാര്യങ്ങൾ മനസ്സിലാക്കിയാൽ സങ്കടത്തെ നമുക്ക് എളുപ്പം മറികടക്കാം.
പലകാരണങ്ങൾ കൊണ്ടും നമുക്ക് ഉണ്ടാകുന്ന വികാരം മാത്രമാണ് സങ്കടം എന്ന് തിരിച്ചറിയുക. ഇത് സങ്കടങ്ങൾ മറി കടക്കാൻ നമ്മെ സഹായിക്കും. നിമിഷ നേരത്തേക്ക് മാത്രമാണ് സങ്കടങ്ങളുടെ ആയുസ്സ്. സന്തോഷം പോലെ തന്നെ സങ്കടങ്ങളും ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്.
എന്തും നേരിടുമെന്ന ആത്മവിശ്വാസം വളർത്തിയെടുക്കുന്നതിലൂടെ സങ്കടങ്ങളെയും നമുക്ക് നേരിടാം. കുട്ടികളായിരിക്കുമ്പോൾ തന്നെ ഇതിനായി പരിശീലിപ്പിക്കുക. ഏതുകാര്യത്തെയും സധൈര്യം നേരിടാനുള്ള കഴിവ് സങ്കടങ്ങൾ കുറയുന്നതിന് കാരണമാകുന്നു. മാത്രമല്ല സങ്കടങ്ങളുടെ കാഠിന്യം കുറയ്‌ക്കുന്നതിനും ഇത് സഹായിക്കും.
പറ്റില്ല എന്ന ചിന്തയ്‌ക്ക് പകരം ശ്രമിക്കാം എന്ന് ചിന്തിച്ച് മുന്നോട്ട് നീങ്ങാം. മനസ്സ് എല്ലായ്‌പ്പോഴും പോസിറ്റീവ് ആക്കി വയ്‌ക്കുന്നതോടെ സങ്കടങ്ങളെ അകറ്റി നിർത്താം. മടി ഒഴിവാക്കി കാര്യങ്ങൾ എല്ലാം കൃത്യസമയത്ത് ചെയ്യുന്നത് സങ്കടങ്ങൾ ഇല്ലാത്ത ഒരു ജീവിതം നയിക്കാൻ നമ്മളെ പ്രാപ്തരാകും. ചെയ്യേണ്ടകാര്യങ്ങൾ കൃത്യസമയത്ത് ചെയ്യാതെ അതേക്കുറിച്ച് ആലോചിച്ച് വിഷമിക്കുന്നവർ നമുക്ക് ചുറ്റും ധാരാളമുണ്ട്. ഈ സാഹചര്യം ഒഴിവാക്കാൻ എല്ലാ കാര്യങ്ങളും കൃത്യസമയത്ത് ചെയ്യുന്നതിലൂടെ കഴിയും.
അസഹനീയമായ സങ്കടമാണ് നേരിടുന്നതെങ്കിൽ നല്ലൊരു മാനസികാരോഗ്യ വിദഗ്ധനെ കാണാം. ഇത് നാം വിഷാദത്തിലേക്ക് കൂപ്പുകുത്താതിരിക്കാൻ സഹായിക്കും.
Comments