കൊല്ലം: വാട്‌സ് ആപ്പിൽ വരുന്ന സന്ദേശങ്ങൾക്കനുസരിച്ച് വീട്ടിലെ കാര്യങ്ങൾ നടക്കുന്നുവെന്ന പരാതിയുമായി കുടുംബം. കൊട്ടാരക്കര നെല്ലിക്കുന്നം സ്വദേശി രാജനും കുടുംബവുമാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഭയപ്പാടോടെയാണ് വീട്ടിൽ കഴിയുന്നതെന്ന് രാജൻ പറയുന്നു.
കഴിഞ്ഞ് ഏഴ് മാസമായാണ് വീട്ടിൽ സന്ദേശങ്ങൾക്കനുസരിച്ച് സംഭവങ്ങൾ നടക്കാൻ ആരംഭിച്ചത്. ഏഴ് മാസങ്ങൾക്ക് മുൻപ് രാജന്റെ വീട്ടിലെ സ്വിച്ച് ബോർഡുകളും വൈദ്യുതി ഉപകരണങ്ങളും കത്തി നശിച്ചിരുന്നു. ഇതിന് ശേഷമാണ് രാജന്റെ ഭാര്യ വിലാസിനിയുടെ നമ്പറിൽ നിന്നും മകൾ സജിതയുടെ ഫോണിലേക്ക് സന്ദേശങ്ങൾ വരാൻ ആരംഭിച്ചത്. ഞാൻ അവിടെ തന്നെയുണ്ട്, നിന്റെ വീടിന്റെ കിണറിന്റെ അടുത്ത് ഉണ്ട്, നമ്പർ ആർക്ക് പറഞ്ഞുകൊടുത്താലും കുഴപ്പമില്ല തുടങ്ങിയ സന്ദേശങ്ങളാണ് സജിതയുടെ ഫോണിലേക്ക് വരുന്നത്. ഇതിന് പുറമേ നിന്റെ വീട്ടിലെ ഫാൻ ഇപ്പോ ഓഫ് ആകും, ടാങ്കിലെ വെള്ളം നിറഞ്ഞ് പോകും തുടങ്ങിയ സന്ദേശങ്ങളും ലഭിക്കുന്നുണ്ട്. ഇക്കാര്യങ്ങൾ എല്ലാം സന്ദേശം വന്ന് നിമിഷങ്ങൾക്കുള്ളിൽ സംഭവിക്കുമെന്നാണ് കുടുംബം പറയുന്നത്.
രാജന്റെ വീട്ടിൽ സ്വിച്ച് ബോർഡുകളും, വൈദ്യുത ഉപകരണങ്ങളും തകരാറിലാകുന്നത് പതിവാണ്. എത്ര പരിശോധിച്ചിട്ടും ഇലക്ട്രീഷ്യനായ രാജന് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് രാജന് വ്യക്തമല്ല. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ നടപടി സ്വീകരിച്ചിട്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ വിലാസിനിയുടെ ഫോൺ ഹാക്ക് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ സന്ദേശത്തിന് അനുസരിച്ച് സംഭവങ്ങൾ നടക്കുന്നതിന് പിന്നിലെ കാരണം എന്താണെന്ന് അറിയില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
Comments