ആലപ്പുഴ: ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസിന്റെയും ഭാര്യ വീണാ ഹരിദാസിന്റെയും ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി. ഇരുവരുടെയും ദുരൂഹ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ബിജെപി കാർത്തികപ്പള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഹരിദാസിന്റെയും കുടുംബത്തിന്റെയും ദുരന്തത്തിൽ ഹരിപ്പാട് എംഎൽഎ രമേശ് ചെന്നിത്തലയുൾപ്പെടുന്ന സാമ്പത്തിക ഇടപാടുകൾക്കുള്ള പങ്ക് അന്വേഷിക്കണമെന്നും ബിജെപി വ്യക്തമാക്കി.
എൻ ഹരിദാസിനെ മുതുകുളത്തെ ചില കോൺഗ്രസ് നേതാക്കൾ മാനസികമായി പീഡിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണത്തിന് ശേഷമുള്ള ദിവസങ്ങളിൽ മുതുകുളത്ത് നടന്ന രാഷ്‌ട്രീയ സംഭവവികാസങ്ങളിൽ ഉൾപ്പെട്ടവരെ കൂടി പ്രതി ചേർത്ത് അന്വേഷിക്കണം. ഹരിദാസിന്റെയും ഭാര്യയുടെയും ദുരൂഹമരണത്തിനു ശേഷം ഡിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ പുലർത്തുന്ന കുറ്റകരമായ മൗനം കോൺഗ്രസുകാരും ജനങ്ങളും മനസ്സിലാക്കണമെന്നും ബിജെപി കൂട്ടിച്ചേർത്തു.
കേരള സർക്കാർ ഈ വിഷയത്തിൽ സഹകരിക്കുന്നില്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. ഹരിദാസിന്റെ മരണത്തിൽ ശക്തമായ അന്വേഷണം നടത്തിയില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തുവരും. കടുത്ത പ്രത്യക്ഷ സമരപരിപാടികളും നിയമപരമായ നീക്കങ്ങളുമായി മുന്നോട്ടുപോകുവാനാണ് തീരുമാനമെന്നും ബിജെപി വ്യക്തമാക്കി.
Comments