തിരുവനന്തപുരം: അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിൽക്കുന്ന ജീവനക്കാർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ആരോഗ്യ വകുപ്പ്. തിരികെ സർവീസിൽ പ്രവേശിക്കാത്തവരെ നീക്കം ചെയ്യാനാണ് തീരുമാനം. പല തവണ സർക്കാരിൽ നിന്ന് നിർദേശം ലഭിച്ചിട്ടും പാലിക്കാത്തവർക്കെതിരെയാണ് നടപടി.
വർഷങ്ങളായി സർവീസിൽ നിന്ന് അവധിയെടുത്ത് വിട്ടു നിൽക്കുന്ന ഡോക്ടർമാർക്കെതിരെയും നഴ്‌സുമാർക്കെതിരെയും നടപടി സ്വീകരിക്കാനാണ് തീരുമാനം. അവധിയെടുത്ത ശേഷം വിദേശത്തുൾപ്പെടെ ജോലി നോക്കുന്ന ഡോക്ടർമാരും നഴ്‌സുമാരും ആശുപത്രികളിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാനത്ത് കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ ആരോഗ്യവിദഗ്ധരുടെ സേവനങ്ങൾ ആവശ്യമായിട്ടും ഹാജരാകാത്തവർക്കെതിരെ അന്ന് നടപടി സ്വീകരിച്ചിരുന്നു. 385 ഡോക്ടർമാർ ഉൾപ്പടെ 432 ജീവനക്കാരെയായിരുന്നു അന്ന് പിരിച്ചുവിട്ടത്.
കൊറോണ വ്യാപനം കുറഞ്ഞെങ്കിലും മറ്റ് പകർച്ചവ്യാധികൾ പടരുന്നതിനാൽ കൂടുതൽ ആരോഗ്യ പ്രവർത്തകരെ ആശുപത്രികളിൽ ആവശ്യമുണ്ട്. ഈ സാഹചര്യത്തിൽ തിരികെ സർവീസിലേക്ക് പ്രവേശിക്കാതെ മാറി നിൽക്കുന്നവരെ ഉടൻ ഒഴിവാക്കിയേക്കും. സർവീസിൽ തിരികെ പ്രവേശിക്കാനായി ഒരു നിർദേശം കൂടി അവസാനമായി നൽകിയതിന് ശേഷമായിരിക്കും നീക്കം ചെയ്യുക.
Comments