ന്യൂഡൽഹി : വാക്ക് തർക്കത്തെ തുടർന്ന് യുവാവ് കാമുകിയെ വെടിവെച്ച് കൊന്നു. പിന്നാലെ ഇയാളും ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ഡൽഹിയിലെ നരേവലയിലാണ് സംഭവം. ഓയോ റൂമിൽ വച്ചാണ് കൊലപാതകം നടന്നത്. 39 കാരിയായ ഗീത എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. 38 കാരനായ പ്രവീൺ എന്ന സിട്ടു ആശുപത്രിയിൽ ചികിത്സയിലാണ്. വിവാഹിതനാണ് പ്രവീൺ.
ചൊവ്വാഴ്ചയാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്. മുറിയിൽ വച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായെന്ന് ഹോട്ടൽ ജീവനക്കാർ പറയുന്നു. തുടർന്ന് പ്രവീൺ തോക്കെടുത്ത് ഗീതയ്‌ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. നെഞ്ചിൽ വെടിയേറ്റ ഗീത സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഇതിന് പിന്നാലെ ഇയാൾ സ്വയം വെടിവെയ്‌ക്കുകയായിരുന്നു.
ശബ്ദം കേട്ടെത്തിയ ഹോട്ടൽ ജീവനക്കാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ഗീത കൊല്ലപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ശസ്ത്രക്രിയ നടത്തിയെങ്കിലും പ്രവീണിന്റെ ആരോഗ്യനില ഗുരുതരമാണ്.
നേരത്തെ പ്രവീണിനെതിരെ മറ്റൊരു കൊലക്കേസും ചുമത്തിയിരുന്നു. ഗൗരവ് എന്നയാളെ വെടിവെച്ച കേസിലെ പ്രതിയായിരുന്നു പ്രവീൺ. തുടർന്ന് ഇയാൾക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
Comments