ടെൽ അവീവ്: ഇസ്രായേലിലെ ജറുസലേമിലുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 18 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാവിലെയായിരുന്നു ജറുസലേം നഗരത്തിൽ സ്‌ഫോടനങ്ങളുണ്ടായത്. ബസ് സ്‌റ്റോപ്പിലും തിരക്കേറിയ ഒരു ടൗണിലുമായിരുന്നു സ്‌ഫോടനം.
രാവിലെ ഏഴ് മണിയോടെയായിരുന്നു ആദ്യത്തെ ഭീകരാക്രമണമുണ്ടായത്. പടിഞ്ഞാറൻ ജറുസലേമിലെ ഗിവാത് ഷൗളിലുള്ള ബസ് സ്റ്റോപ്പ് കവാടത്തിന് സമീപം ആദ്യത്തെ സ്‌ഫോടനമുണ്ടായി. ഇവിടെ 11 പേർക്ക് പരിക്കേറ്റു. ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ടു. ഏതാനും മിനിറ്റുകൾക്കുള്ളിലായിരുന്നു രണ്ടാമത്തെ പൊട്ടിത്തെറി. നഗരത്തിന്റെ തന്നെ മറ്റൊരു ഭാഗത്തെ റാമോട്ട് ജംഗ്ഷനിൽ വച്ചായിരുന്നു ഭീകരാക്രമണം.
ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും രണ്ടിടത്ത് നിന്നും തെളിവുകൾ ശേഖരിക്കുകയാണെന്നും ഇസ്രായേൽ പോലീസ് അറിയിച്ചു. ബസ് സ്‌റ്റോപ്പിലുണ്ടായ ഭീകരാക്രമണത്തിന് മുമ്പായി അവിടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ഹാൻഡ് ബാഗ് കണ്ടതായി ദൃക്‌സാക്ഷികൾ പറയുന്നു. ഇതിനുള്ളിലായിരുന്നു ബോംബ് എന്നാണ് സംശയിക്കുന്നത്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിനെ വരവേൽക്കുന്നതിന് മുന്നോടിയായാണ് രാജ്യത്ത് ഭീകരാക്രമണം നടന്നിരിക്കുന്നത്. ഇരട്ട സ്‌ഫോടനത്തിന് പിന്നിൽ പലസ്തീനിയൻ ഭീകരരാണെന്നാണ് ഇസ്രായേൽ പോലീസിന്റെ സംശയം.
















Comments