തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് നടപടി. പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡിആർ അനിലിന്റെയും സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും മൊഴികളും രേഖപ്പെടുത്തും.
കത്ത് തയ്യാറാക്കിയ കംപ്യൂട്ടറും വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ച ഫോണുകളും കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കും. ഇവ കോടതിയുടെ അനുമതിയോടെ ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കുമെന്ന്‌ന ക്രൈം ബ്രാഞ്ച് അറിയിച്ചു. കത്ത് ആദ്യം ഷെയർ ചെയ്ത വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനെ ചോദ്യം ചെയ്യുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.മേയറുടെ ഓഫീസിലെ ജീവനക്കാരുടെ മൊഴിയുമെടുക്കും. ഹൈക്കോടതി നൽകിയ നോട്ടീസിനും മേയർ ഉടൻ വിശദീകരണം നൽകും.
വിശദീകരണം ആവശ്യപ്പെട്ട് ഓംബുഡ്‌സ്മാൻ നൽകിയ കത്തിന് പരാതി ഓംബുഡ്‌സ്മാന്റെ പരിധിയിൽ വരുന്നതല്ലെന്നും അന്വേഷണം ആവശ്യമില്ലെന്നും മേയർ വിശദീകരണം നൽകിയിരുന്നു.ഇതിന് പിന്നാലെ ഹൈക്കോടതിയ്‌ക്കും നഗരസഭ രേഖാമൂലം മറുപടി നൽകും. മേയറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ഇന്നും തുടരും. ബിജെപിയുടെ നേതൃത്വത്തിൽ നഗരസഭയ്‌ക്ക് അകത്തും പുറത്തും സമരം തുടരുകയാണ്. മഹിളാ മോർച്ചയുടെ ഭാഗമായി ഇന്ന് നഗരസഭയിലേക്ക് മാർച്ച് നടത്തും.
Comments