കരിമ്പൻ വന്നുപോയ വസ്ത്രങ്ങൾ കളയുന്നതാണ് പതിവ്. കാരണം ഇവ മറ്റ് വസ്ത്രങ്ങളിലേക്കും പടർന്ന് എല്ലാ തുണികളും വൃത്തികേടാക്കും. എന്നാൽ കരിമ്പൻ പിടിച്ചുപോയ തോർത്തുകളും തുണികളും ഇനി കളയുകയോ മാറ്റി വയ്‌ക്കുകയോ ചെയ്യേണ്ടതില്ല. തുണികളിലെ കരിമ്പൻ മാറ്റാനുള്ള സൂത്രവിദ്യ ഇതാണ്..
ഒരു ബക്കറ്റിലേക്ക് ഒരു കപ്പ് വെള്ളം ഒഴിക്കുക. വെള്ളം എടുത്ത അതേ അളവിൽ തന്നെ വിനാഗിരിയും ചേർക്കുക. കരിമ്പൻ പിടിച്ച വസ്ത്രം ഇതിൽ മുക്കിവെക്കുക. വസ്ത്രത്തിന്റെ ഏത് ഭാഗത്താണോ കരിമ്പൻ ഉള്ളത് ആ ഭാഗം മാത്രം മുക്കി വച്ചാൽ മതിയാകും. ഇത്തരത്തിൽ 10 മിനിറ്റ് വച്ചതിന് ശേഷം അൽപം ബേക്കിംഗ് സോഡ പുരട്ടി കൊടുക്കുക. കരിമ്പൻ ഉള്ള ഭാഗത്ത് മാത്രമാണ് പുരട്ടേണ്ടത്. ശേഷം നന്നായി ഉരച്ചുകൊടുക്കുക. തുടർന്ന് അൽപനേരം കൂടി വിനാഗിരി കലർത്തിയ വെള്ളത്തിൽ വസ്ത്രം മുക്കിവെയ്‌ക്കാം. പത്ത് മിനിറ്റിന് ശേഷം തുണി എടുത്തുനോക്കിയാൽ കരിമ്പൻ പോയത് കാണാനാകും.
സമാനമായ രീതിയിൽ വസ്ത്രങ്ങളിൽ നിന്നും ഒട്ടും പോകാത്ത തുരുമ്പിന്റെ കറയും മാറ്റിയെടുക്കാവുന്നതാണ്. ഇതിനായി വിനാഗിരി എടുക്കുക. സമം വെള്ളം ചേർക്കുക. 1ഃ1 എന്ന അളവിലാണ് വെള്ളവും വിനാഗിരിയും എടുക്കേണ്ടത്. ശേഷം വസ്ത്രത്തിൽ തുരുമ്പിന്റെ കറ പിടിച്ച ഭാഗത്ത് ഒഴിച്ചുകൊടുക്കുക. ശേഷം അവിടെ ഒരു ബ്രഷ് കൊണ്ട് ഉരച്ചുകൊടുക്കുക. പത്ത് മിനിറ്റ് വെച്ചതിന് ശേഷം ഇതേ സ്ഥലത്ത് ബേക്കിംഗ് സോഡ പുരട്ടാം.. ശേഷം ബ്രഷ് ഉപയോഗിച്ച് കറയുള്ള ഭാഗത്ത് വീണ്ടും തേച്ചുകൊടുക്കുക. ഇതോടെ തുരുമ്പിന്റെ കറയും പമ്പകടക്കുന്നതാണ്.
ക്ലോറിനും ബ്ലീച്ചും ഉപയോഗിക്കാതെ തന്നെ ഇത്തരത്തിൽ വിനാഗിരിയും ബേക്കിംഗ് സോഡയും മാത്രമെടുത്ത് വസ്ത്രങ്ങളിലെ കരിമ്പനും തുരുമ്പിന്റെ കറയും മാറ്റാവുന്നതാണ്. വിനാഗിരി ഉപയോഗിക്കുമ്പോൾ അതേ അളവിൽ തന്നെ വെള്ളം ചേർക്കാൻ മറക്കരുത്. വസ്ത്രങ്ങളുടെ ഈട് നിലനിൽക്കുന്നതിനും തുണികൾക്ക് മറ്റ് കേടുപാടുകൾ വരാതിരിക്കാനുമാണ് തുല്യ അളവിൽ വെള്ളം ചേർക്കുന്നത്.
















Comments