ലക്‌നൗ : കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ട പെൺകുട്ടി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രതികളിൽ ഒരാളെ വിവാഹം ചെയ്യാൻ നിർബന്ധിച്ചതിനെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യാ ശ്രമം നടത്തിയത്. ഫറൂഖാബാദിലാണ് സംഭവം. പൊള്ളലേറ്റ പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമാണ്. സംഭവത്തിൽ പ്രതികളായ സഹോദരന്മാരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
2021, ജനുവരി 8 നാണ് പെൺകുട്ടിയെ ഇരുവരും ചേർന്ന് പീഡിപ്പിച്ചത്. വയലിൽ പോയ കുട്ടിയെ ആരുമില്ലാത്ത സ്ഥലത്തേക്ക് തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഇവർ പെൺകുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. കേസിൽ വിശദമായ അന്വേഷണം നടത്തി പ്രതികളെ പോലീസ് പിടികൂടിയിരുന്നു.
എന്നാൽ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾ പെൺകുട്ടിയെ വീണ്ടും ഭീഷണിപ്പെടുത്താൻ ആരംഭിച്ചു. ഇവർക്കെതിരെ കൊടുത്ത പരാതി പിൻവലിക്കണമെന്ന് പറഞ്ഞാണ് ആദ്യം ഭീഷണിപ്പെടുത്തിയത്. തുടർന്ന് പ്രതികളിൽ ഒരാളെ വിവാഹം കഴിക്കാൻ നിർബന്ധിക്കുകയായിരുന്നു. ഇല്ലെങ്കിൽ കുടുംബത്തിലെ എല്ലാവരെയും കൊലപ്പെടുത്തുമെന്നും ഇവർ ഭീഷണിപ്പെടുത്തി.
പ്രതികളെ ഭയന്നാണ് പെൺകുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത് എന്ന് കുടുംബം പറഞ്ഞു. തന്റെ മകളുടെ ജീവിതം നരകമാക്കിയത് അവർ രണ്ട് പേരുമാണെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് പ്രതികളെ പിടികൂടിയത്.
Comments