കോഴിക്കോട് : കോഴിക്കോട് കുറ്റിക്കാട്ടൂരിൽ ബാലവിവാഹം നടത്തിയ സംഭവത്തിൽ പ്രതികൾ ഒളിവിൽ. പെൺകുട്ടിയുടെ രക്ഷിതാക്കളും വരനും ഉൾപ്പെടെ ഒളിവിലാണ്. ഈ സാഹചര്യത്തിൽ പോലീസ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.
കുറ്റിക്കാട്ടൂരിലെ പള്ളിയിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തുകൊടുത്ത വാർത്ത ഇന്നലെയാണ് പുറത്തുവരുന്നത്. തുടർന്ന് കണ്ണൂർ പെരിങ്ങത്തൂർ സ്വദേശിയായ വരന് വേണ്ടി അന്വേഷണം ആരംഭിച്ചു. ഇയാളാണ് ഒന്നാം പ്രതി. കേസിൽ പെൺകുട്ടിയുടെ രക്ഷിതാക്കൾ രണ്ടും മൂന്നും പ്രതികളാണ്. വിവാഹത്തിന് കാർമികത്വം വഹിച്ചവരും കേസിൽ പ്രതികളാകുമെന്ന് പോലീസ് പറയുന്നു.
പെൺകുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കിയതിന് ശേഷം പോക്‌സോ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തണോ എന്ന് പോലീസ് തീരുമാനിക്കും.
17 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ ആണ് മതപുരോഹിതൻ കൂടിയായ രക്ഷിതാവ് ബാലവിവാഹം നടത്തിയത്. അടുത്ത ഏപ്രിൽ മാസത്തിൽ കുട്ടിക്ക് 18 തികയും. ഈ സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നത് എന്ന് ജില്ലാ ശിശു സംരക്ഷണവകുപ്പ് അറിയിച്ചു. കേസിൽ കോഴിക്കോട് സിജെഎം കോടതിയിൽ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഇന്ന് വിശദമായ റിപ്പോർട്ട് നൽകും.
Comments