ന്യൂഡൽഹി: പേരും ചിത്രവും ശബ്ദവുമെല്ലാം അനുമതി കൂടാതെ ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അമിതാഭ് ബച്ചൻ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയുടെ അനുകൂല വിധി. ടെലിവിഷനിലും സമൂഹമാദ്ധ്യമങ്ങളിലും ഉൾപ്പെടെ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളിൽ അമിതാഭ് ബച്ചന്റെ ശബ്ദം, പേര്, ചിത്രം എന്നിവ അനുമതി കൂടാതെ ഉപയോഗിക്കുന്നതിന് എതിരെയാണ് കോടതിയെ സമീപിച്ചത്. ഹർജിയിൽ വാദം കേട്ട കോടതി നടന്റെ പേരും ചിത്രവും ശബ്ദവും അനുമതി കൂടാതെ ഉപയോഗിക്കാൻ കഴിയില്ലെന്ന് ഉത്തരവിട്ടു.
നിരവധി പരസ്യചിത്രങ്ങളെ പ്രതിനിധീകരിക്കുന്നയാളാണ് നടൻ. എന്നാൽ പല കമ്പനികളും അവരുടെ സാധനങ്ങളും സേവനങ്ങളും പ്രചരിപ്പിക്കുന്നതിനായി പ്രശസ്ത നടന്റെ പേരും ശബ്ദവും ചിത്രവുമെല്ലാം അനുമതി കൂടാതെ ഉപയോഗിക്കുകയാണ്. ഇത് തടയണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ബിഗ് ബി എന്ന് വിശേഷിപ്പിക്കുന്ന ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചന് വേണ്ടി അഭിഭാഷകൻ ഹരീഷ് സാൽവെയാണ് ഹാജരായത്.
ചിലർ ടീ-ഷർട്ടുകൾ നിർമ്മിക്കുന്നു. അതിൽ ബച്ചന്റെ ചിത്രം പതിക്കും. എന്നിട്ട് വിറ്റഴിക്കും. ചിലർ പോസ്റ്ററുകൾ വിൽക്കുന്നു. അതിലും ബച്ചന്റെ മുഖം. ചിലർ ഡൊമെയ്ൻ നെയിം അടക്കം അദ്ദേഹത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്യുന്നു. (amitabhbachchan.com.) ഇതെല്ലാം മുൻനിർത്തിയായിരുന്നു അഭിഭാഷകർ കോടതിയെ സമീപിച്ചത്. തുടർന്ന് ബച്ചന്റെ ആവശ്യം കോടതി അംഗീകരിച്ചു. ഇത്തരത്തിൽ നടന്റെ അനുമതി കൂടാതെ സംപ്രേഷണം ചെയ്യുന്ന എല്ലാ പരസ്യചിത്രങ്ങളും നീക്കം ചെയ്യണമെന്ന് ഐടി മന്ത്രാലയത്തോട് കോടതി നിർദേശിച്ചു.
Comments