കോഴിക്കോട് : കോതിയിലെ സമരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെ റിപ്പോർട്ട് തേടി ബാലാവകാശ കമ്മീഷൻ. മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമ്മാണത്തിനെതിരെയുള്ള സമരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെയാണ് കമ്മീഷൻ റിപ്പോർട്ട് തേടിയിരിക്കുന്നത്. സംഭവത്തിൽ കേസെടുക്കാൻ ചെമ്മങ്ങാട് പോലീസിന് നിർദ്ദേശവും നൽകി.
നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ജുവനൈൽ ആക്ട് പ്രകാരം സമരസമിതി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. പദ്ധതി പ്രദേശത്ത് ചുറ്റുമതിൽ നിർമ്മിക്കാനുള്ള കോർപ്പറേഷൻ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിൽ 42 പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. പങ്കെടുത്ത കുട്ടികളെയും പോലീസ് ബലം പ്രയോഗിച്ച് മാറ്റിയിരുന്നു.
നിലവിൽ സമരസമിതി പ്രഖ്യാപിച്ച പ്രാദേശിക ഹർത്താലിനെ തുടർന്ന് മാലിന്യ നിർമ്മാണ പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വെച്ചിരിക്കുകയാണ്. എന്നാൽ യാതൊരു കാരണവശാലും പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്നാണ് കോർപ്പറേഷൻ നിലപാട്. സമരത്തിന് പിന്നിൽ രാഷ്‌ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് മേയർ ബീന ഫിലിപ്പ് പ്രതികരിച്ചത്.
Comments