കൊച്ചി: കോടതിയിൽ മോശമായി പെരുമാറിയതിന് പ്രമുഖ അഭിഭാഷകനായ ബിഎ ആളൂരിനെതിരെ കാരണം കാണിക്കൽ നോട്ടീസ് അയച്ച് ബാർ കൗൺസിൽ. നടപടി എടുക്കാതിരിക്കാൻ രണ്ടാഴ്ച്ചയ്ക്കുള്ളിൽ കാരണം അറിയിക്കണമെന്ന് നോട്ടീസിൽ പറയുന്നു.
കൊച്ചിയിൽ മോഡലിനെ പീഡിപ്പിച്ച കേസിൽ പ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കവെ നടന്ന നാടകീയ സംഭവങ്ങളിലാണ് നോട്ടീസ്. സ്വമേധയാ ആണ് ബാർ കൗൺസിലിന്റെ നടപടി. 19 വയസുകാരിയായ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ വക്കാലത്ത് ഇല്ലാതെ പ്രതിക്ക് വേണ്ടി ആളൂർ ഹാജരാകുകയായിരുന്നു.
പ്രതിയായ ഡിംപിളിന്റെ അഭിഭാഷകനായിരുന്ന അഫ്സൽ ഇത് ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ കോടതിമുറിയിൽ വാക്കേറ്റം ഉണ്ടായിരുന്നു. ബഹളം വെയ്ക്കാൻ ഇത് ചന്തയല്ലെന്ന് കോടതി രൂക്ഷമായി താക്കീത് നൽകിയതോടെയാണ് തർക്കം അവസാനിച്ചത്. അഫ്സലിനെയാണ് കേസ് ഏൽപിച്ചതെന്ന് ഡിംപിൾ വ്യക്തമാക്കിയതോടെ ആളൂർ പിൻമാറുകയും ചെയ്തു.
ആളൂർ ഉൾപ്പെടെ ആറ് അഭിഭാഷകരിൽ നിന്ന് വിശദീകരണം തേടാൻ ബാർ കൗൺസിൽ തീരുമാനിച്ചിരുന്നു. വിവാദമായി വാർത്താപ്രാധാന്യം നേടുന്ന ക്രിമിനൽ കേസുകളിലെ സ്ഥിരം സാന്നിദ്ധ്യമാണ് ആളൂർ. കഴിഞ്ഞ മാസം ഇലന്തൂർ ആഭിചാര കൊലയിലെ പ്രതികൾക്ക് വേണ്ടി ഹാജരാകവേ ആളൂരിനെ ഹൈക്കോടതിയും രൂക്ഷമായി വിമർശിച്ചിരുന്നു. കോടതിക്ക് മേൽ നിർദ്ദേശം വെച്ചതാണ് അന്ന് കോടതിയെ ചൊടിപ്പിച്ചത്. പ്രതികളെ കസ്റ്റഡിയിൽ വിട്ടാൽ എല്ലാ ദിവസവും കാണാൻ അനുവദിക്കണമെന്ന് ആയിരുന്നു ആളൂരിന്റെ ആവശ്യം.
Comments