പാലക്കാട് : വളർത്തു നായയുടെ കണ്ണുകൾ ചൂഴ്‌ന്നെടുത്ത് ക്രൂരത. ചിത്രകാരി ദുർഗ്ഗാ മാലതിയുടെ വളർത്തുനായ നക്കുവിന് നേരെയാണ് അക്രമം ഉണ്ടായത്.പാലക്കാട് പട്ടാമ്പിക്കടുത്ത് മുതുതലയിലാണ് സംഭവം.
കഴിഞ്ഞ ബുധനാഴ്ചയാണ് രണ്ടു വയസുകാരനായ നായയെ കാണാതാകുന്നത്. ഒരാഴ്ചയായി നക്കുവിനെ വീട്ടുകാർ തിരയുകയായിരുന്നു. തുടർന്ന് ഇന്നലെ രാത്രി വീടിന് പരിസരത്തേക്ക് ഈ നായ നിരങ്ങിവരുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. രണ്ടു കണ്ണിൽ നിന്നും ചോര ഒലിച്ചിരുന്നു. ഒപ്പം കണ്ണിൽ നിറയെ പുഴുക്കളും ഉണ്ടായിരുന്നു.
തുടർന്ന് ഡോക്ടറുടെ നിർദ്ദേശ പ്രകാരം പ്രഥമിക ശുശ്രൂഷ നൽകി. നായയുടെ രണ്ട് കണ്ണിന്റെയും കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടു. ആരാണ് ഇത് ചെയ്തത് എന്ന കാര്യത്തിൽ വ്യക്തതയില്ല. കണ്ണുകൾ ചൂഴ്‌ന്നെടുത്തതാവാനോ, ആസിഡിന് സമാനമായ ദ്രാവകം ഒഴിച്ചതാവാനോ ആണ് സാധ്യതയെന്ന് ഡോക്ടർമാർ വ്യക്തമാക്കി . കണ്ണിന് കാഴ്ചയില്ലത്തതിനാൽ മണം പിടിച്ച് നിരങ്ങി വരികയായിരുന്നു നായയെന്ന് വീട്ടുകാർ പറയുന്നു. സംഭവത്തിൽ ദുർഗ്ഗാ മാലതി പട്ടാമ്പി പോലീസിൽ പരാതി നൽകി.
Comments