തിരുവനന്തപുരം: അഞ്ച് വർഷം മുൻപ് ജോലിക്കായി ഗൾഫിലേക്ക് പോയ ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി യുവതി. മലയിൻകീഴ് സ്വദേശി വിനോദ് കുമാറിനെയാണ് അബുദാബിയിൽ നിന്നും കാണാതായത്. ഭർത്താവിനെ കണ്ടു കിട്ടണമെന്ന് ആവശ്യവുമായി ഭാര്യ ബിന്ദു നോർക്കയിൽ ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല.
നീണ്ട 17 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം വിനോദ് കുമാർ നാട്ടിലെത്തിയിരുന്നു. തിരിച്ചെത്തിയതിനു ശേഷം സുഹൃത്തിന്റെ പരിചയത്തിൽ വീണ്ടും അബുദാബിയിലേക്ക് ജോലിക്ക് പോകുകയായിരുന്നു. 2018 ൽ ഗൾഫിലേക്ക് പോയ വിനോദ് കുമാർ പിന്നെ വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടില്ല.
ഇതിന് ശേഷം കുടുംബം എംബസി മുഖാന്തിരം ഗൾഫിൽ അന്വേഷിച്ചിരുന്നു. ആക്‌സിഡൻറ് കേസുകളിലും വിനോദ് കുമാറിന്റെ പേര് ഉൾപ്പെട്ടിട്ടില്ല. നോർക്കയിൽ അറിയിച്ചപ്പോൾ വിസയുടെ കാലാവധി കഴിഞ്ഞു എന്നാണ് അറിയാൻ കഴിഞ്ഞത്. വിനോദ് കുമാർ ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ ഇപ്പോൾ ലഭ്യമല്ല. കനത്ത സാമ്പത്തിക ബാധ്യതയാണ് വിനോദ് കുമാറിന്റെ പേരിൽ നാട്ടിൽ ഉള്ളത്. ബിന്ദുവിനും വിനോദ് കുമാറിനും രണ്ട് പെൺകുട്ടികൾ ആണുള്ളത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ബിന്ദു.
















Comments