സന്നിധാനം; ശബരിമലയിൽ വർഷങ്ങളായി പോലീസ് നടത്തിയിരുന്ന കർപ്പൂരാഴി വേണ്ടെന്ന് വെയ്‌ക്കാൻ തീരുമാനം. പോലീസിലെ സിപിഎം ഫ്രാക്ഷന്റെ സമ്മർദ്ദത്തിനു വഴങ്ങിയാണ് കാലങ്ങളായി നടത്തിയിരുന്ന പരിപാടി വേണ്ടെന്ന് വെക്കുന്നത്.
ശബരിമലയിൽ വർഷങ്ങളായി ദേവസ്വം ബോർഡ് ജീവനക്കാരും പോലീസും കർപ്പൂരാഴി വഴിപാട് നടത്താറുണ്ട്. മകരവിളക്കിന് മുന്നോടിയായി കൊടിമരച്ചുവട്ടിൽ നിന്ന് തുടങ്ങുന്ന കർപ്പൂരാഴി ഘോഷയാത്ര മാളികപ്പുറം വഴി പതിനെട്ടാംപടിക്ക് താഴെയുളള ആഴിയുടെ സമീപമാണ് സമാപിക്കുന്നത്. എന്നാൽ ഇക്കുറി അത്തരം ചടങ്ങുകളിൽ പോലീസ് ഭാഗമാകണ്ട എന്നാണ് തീരുമാനം. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ഭാരവാഹികളുടെ സമ്മർദ്ദത്തെ തുടർന്നാണ് ഇത്തരം ആചാരപരമായ കാര്യങ്ങളിൽ നിന്ന് പോലീസ് വിട്ടുനിൽക്കാൻ ആലോചിക്കുന്നത്.
സമ്മർദ്ദത്തിന് വഴങ്ങി വർഷങ്ങളായി നടത്തിവരുന്ന ചടങ്ങിൽ നിന്ന് പിൻമാറുന്നതിൽ പോലീസ് ഉദ്യോഗസ്ഥരിൽ നല്ലൊരു വിഭാഗത്തിനും എതിർപ്പുണ്ട്. ഇത് കണക്കിലെടുക്കാതെയാണ് തീരുമാനവുമായി ഒരു വിഭാഗം മുൻപോട്ടു പോകുന്നത്.
പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ഭാരവാഹിയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ പോലീസ് നടത്തിയ പുണ്യം പൂങ്കാവനം പദ്ധതി അട്ടിമറിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കർപ്പൂരാഴിയും വേണ്ടെന്ന് വെയ്‌ക്കാൻ തീരുമാനമെടുത്തത്. ഇതിനെ എതിർത്തവരെ ശബരിമല ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയതായും ആക്ഷേപം ഉണ്ട്.
പോലീസിന്റെ നേതൃത്വത്തിൽ 2011 മുതൽ നടത്തിവന്ന പരിപാടിയാണ് പുണ്യം പൂങ്കാവനം പദ്ധതി. ഇത് പോലീസ് അസോസിയേഷൻ സംസ്ഥാന നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് അട്ടിമറിക്കപ്പെട്ടത്.
Comments