ശ്രീനഗർ : ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി പ്രസിഡന്റുമായ മെഹബൂബ മുഫ്തിയോട് സർക്കാർ ക്വാർട്ടേഴ്സ് ഒഴിയാൻ ആവശ്യപ്പെട്ട് അധികൃതർ. മുൻ എം.എൽ.എ മുഹമ്മദ് അൽതാഫ് വാനി, മുൻ എം.എൽ.എ അബ്ദുൾ റഹീം റാത്തർ, മുൻ എം.എൽ.എ അബ്ദുൾ മജീദ് ഭട്ട് എന്നിവർക്കും ക്വാർട്ടേഴ്സ് ഒഴിയുന്നതിന് നോട്ടീസ് നൽകിയിട്ടുണ്ട്. ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഖനാബൽ ഏരിയയിലെ സർക്കാർ ക്വാർട്ടേഴ്സ് ഒഴിയാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണറുടെ നിർദ്ദേശ പ്രകാരം എക്സിക്യൂട്ടീവ് മജിസ്ട്രേറ്റാണ് മുഫ്തിയുൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ചത്.
24 മണിക്കൂറിനുള്ളിൽ ക്വാർട്ടേഴ്സ് ഒഴിയണം എന്നാണ് മുഫ്തിയോട് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഹൗസിംഗ് കോളനി ഖനബാലിലാണ് സർക്കാർ ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്നത്. അതിനാൽ നിശ്ചിത സമയത്തിനുള്ളിൽ സ്ഥലം ഒഴിയേണ്ടതാണ്. ഒഴിഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.
ഒക്ടോബറിലും ഔദ്യോഗിക വസതി ഒഴിയാൻ മുഫ്തിയോട് ജമ്മു കശ്മീർ സർക്കാർ ആവശ്യപ്പെട്ടിരുന്നു. ശ്രീനഗറിലെ ഗുപ്കർ റോഡിന് സമീപമുള്ള വസതി ഒഴിയാനായിരുന്നു അന്ന് ആവശ്യപ്പെട്ടത്. എന്നാൽ പകരം താമസസൗകര്യം ഒരുക്കാൻ തയ്യാറാണെന്ന് അന്ന് സർക്കാർ അറിയിക്കുകയും ചെയ്തിരുന്നു. ഫെയർ വ്യൂ ഗസ്റ്റ് ഹൗസ് എന്ന ഔദ്യോഗിക വസതി ഒഴിയാൻ ആവശ്യപ്പെട്ട് കശ്മീരിലെ എസ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും മുഫ്തിക്ക് നോട്ടീസ് അയച്ചിരുന്നു.
















Comments