ലോകകപ്പ് കാണുവാനും തങ്ങളുടെ ഇഷ്ട ടീമിനെ പ്രേത്സാഹിപ്പിക്കുവാനും 7,000 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ച് ഫ്രാൻസ് ആരാധകരായ യുവാക്കൾ. ഗബ്രിയേൽ മാർട്ടിൻ, മെഹ്ദി ബാലമിസ്സ എന്നിയുവാക്കളാണ് മൂന്ന് മാസം കൊണ്ട് 7000 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ച് ലോകകപ്പ് വേദിയായ ലുസൈൽ സ്റ്റേഡിയത്തിൽ എത്തിയത്. ഓഗസ്റ്റ് 20-ന് സ്റ്റേഡ് ഡി ഫ്രാൻസിൽ നിന്ന് തുടങ്ങിയ യാത്രയാണ് നവംബർ പകുതിയോടെ മത്സരം നടക്കുന്ന സ്‌റ്റേഡിയത്തിനരികിൽ എത്തിയത്.
നിരവധി വെല്ലുവിളികൾ സഹിച്ചാണ് യുവാക്കൾ മൂന്ന് മാസം കൊണ്ട് തങ്ങളുടെ ലക്ഷ്യ സ്ഥാനത്ത് എത്തിയത്. ഹംഗറിയിലെ വെള്ളപ്പൊക്കവും സൗദി അറേബ്യയിലെ കടുത്ത ചൂടും എല്ലാം വഴിമധ്യേ ഇരുവർക്കും വെല്ലുവിളി സൃഷ്ടിച്ചിരുന്നു. ജർമ്മനി, ഓസ്ട്രിയ, സ്ലൊവാക്യ, ഹംഗറി, സെർബിയ, ബൾഗേറിയ, തുർക്കി, സൈപ്രസ്, ഇസ്രായേൽ, ജോർദാൻ, സൗദി അറേബ്യ എന്നിവിടങ്ങളിലൂടെയാണ് ഇവർ യാത്ര ചെയ്തത്.
സൗദിയിൽ വച്ച് സൈക്കിൾ കേടായി എങ്കിലും അത് നന്നാക്കിയതിന് ശേഷം വീണ്ടും അവർ യാത്ര തുടർന്നു. ഇതിന് പുറമെ യാത്രാ വിശേഷങ്ങൾ ഇരുവരും തങ്ങളുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചിരുന്നു. യാത്രയിലെ അനുഭവങ്ങൾ, കണ്ട കാഴ്ചകൾ, ആളുകൾ, കഴിച്ച ഭക്ഷണം എന്നിവ എല്ലാം ഇതിൽ ഉൾപ്പെടുന്നു.
സാഹസികത മാത്രമല്ല, സൈക്കിൾ ടൂറിസത്തിൽ താൽപ്പര്യം വളർത്തിയെടുക്കുക എന്ന ലക്ഷ്യവും തങ്ങൾ മുന്നോട്ടുവെയ്‌ക്കുന്നതായി യുവാക്കൾ പറയുന്നു. യാത്രയ്‌ക്കുളള പണം കണ്ടെത്തുന്നതിനായി പേജും ഇവർ തുടങ്ങിയിരുന്നു. ഖത്തറിൽ എത്തിയ യുവാക്കൾക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. ഒപ്പം ഇഷ്ട ടീമായ ഫ്രാൻസിനെ കാണാനുള്ള ക്ഷണവും ലഭിച്ചു. ഫ്രാൻസിന്റെ മത്സരങ്ങൾക്കുള്ള സൗജന്യ ടിക്കറ്റുകളും കളിക്കാർ ഓട്ടോഗ്രാഫ് ചെയ്ത ജഴ്‌സികളും ഇരുവർക്കും അധികൃതർ സമ്മാനിച്ചു.
















Comments