ന്യൂഡൽഹി : സോഷ്യൽ മീഡിയ സജീവമായതോടെയാണ് ഡേറ്റിംഗ് ആപ്പുകളുടെയും ഉപയോഗം വർദ്ധിച്ചത്. മികച്ച പങ്കാളികളെ കാത്തിരിക്കുന്നവർക്ക് വേണ്ടിയുള്ള പ്ലാറ്റ്‌ഫോം എന്നാണ് ഡേറ്റിംഗ് ആപ്പുകളെപ്പറ്റിയുള്ള പ്രചാരണം. ഇത് സോഷ്യൽ മീഡിയയേക്കാൾ വിശ്വസ്ഥമാണെന്ന മിഥ്യാ ധാരണയാണ് ആളുകളെ ഡേറ്റിംഗ് ആപ്പുകൾ തേടി പോകാൻ നിർബന്ധിതരാക്കുന്നതും. എന്നാൽ ഇത്തരത്തിൽ ഒരു ഉറപ്പും ഡേറ്റിംഗ് ആപ്പുകൾക്ക് നൽകാനാവില്ലെന്ന് ശ്രദ്ധ വാൽക്കറുടെ കൊലപാതകം ഉൾപ്പെടെ തെളിയിക്കുകയാണ്.
ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെടുകയും, സൗഹൃദം സ്ഥാപിക്കുകയും ചെയ്ത ശേഷം പണം തട്ടുന്നവരുടെ വാർത്തകൾ ഇപ്പോൾ പതിവാണ്. ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ട യുവാവ് തന്നെ കബളിപ്പിച്ച് 2.46 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയുമായി മുംബൈ സ്വദേശിയായ യുവതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. യുകെയിൽ ഡോക്ടറാണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയ ജീത്ത് മൽകർജിത്ത് എന്ന യുവാവ് ഇവരിൽ നിന്ന് പണം തട്ടിയത്. നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടിലെത്തി പിന്നാലെ യുവതിയിൽ നിന്ന് പണം തട്ടുകയായിരുന്നു.
ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട വ്യക്തികളിൽ നിന്ന് ശാരീരിക മാനസിക പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് 1200 ഓളം സ്ത്രീകൾ പറയുന്നു. ഇത്തരം കേസുകൾ വർദ്ധിച്ചുവരുന്നതോടെ ഡേറ്റിംഗ് ആപ്പുകളുടെ പ്രവർത്തനത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ വരുത്തണമെന്ന ആവശ്യം ശക്തമാകുകയാണ്. ഇത്തരം ആപ്ലിക്കേഷനുകളെ സ്ത്രീകൾ കൂട്ടത്തോടെ ബഹിഷ്‌കരിക്കുകയാണ് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
2012 ൽ ടിൻഡർ ആരംഭിച്ചപ്പോൾ വളരെ സുരക്ഷിതമാണെന്ന് ചിന്തിച്ച പലരും ഇന്ന് അതിൽ നിന്ന് പിന്മാറുകയാണ്. ടിൻഡർ മുതൽ ബംബ്ലി വരെയുള്ള ആപ്പുകൾ ഒന്നാകെ ബഹിഷ്‌കരിക്കുന്ന പ്രവണതയാണ് അടുത്തിടെയായി കണ്ടുവരുന്നത്. സിംഗിളായിരുന്നാലും പ്രശ്‌നമില്ല, ഡേറ്റിംഗ് ആപ്പിലൂടെ ആരെയും പരിചയപ്പെടാനോ ബന്ധം സ്ഥാപിക്കാനോ ആഗ്രഹിക്കുന്നില്ലെന്നാണ് ഇവർ പറയുന്നത്. ഇതിൽ നിന്ന് പിന്മാറുന്നവരിൽ ഏറിയ പങ്കും സ്ത്രീകളാണ്.
Comments