പാലക്കാട്: കൊല്ലങ്കോട് മാമ്പഴ വ്യാപാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. സ്വർണ നിധി നൽകാമെന്ന് പറഞ്ഞ് പറ്റിച്ചതാണ് മുതലമട സ്വദേശി കബീറിനെ തട്ടിക്കൊണ്ട് പോകാൻ കാരണമെന്നാണ് പോലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിലായി.
മധുര സ്വദേശികളായ വിജയ്, ഗൗതം, ശിവ എന്നിവരാണ് അറസ്റ്റിലായത്. സ്വർണ നിധി നൽകാമെന്ന് വിശ്വസിപ്പിച്ച് കബീർ ഇവരിൽ നിന്നും 38 ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാൽ നിധി ലഭിച്ചില്ല. പണവും തിരികെ ലഭിക്കാതെ വന്നതോടെയായിരുന്നു കബീറിനെ തട്ടിക്കൊണ്ട് പോകാൻ പ്രതികൾ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന കബീറിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയത്. ബൈക്കിൽ സഞ്ചരിച്ച കബീറിനെയും സുഹൃത്തിനെയും സംഘം കാറിടിച്ച് വീഴ്‌ത്തുകയായിരുന്നു. ഇതിൽ കബീറിന്റെ കാലിന് പരിക്കേറ്റു. ആശുപത്രിയിൽ കൊണ്ടുപോകാം എന്ന് പറഞ്ഞ് പ്രതികൾ കബീറുമായി വേഗത്തിൽ കടന്നുകളയുകയായിരുന്നു. ഇതിൽ സംശയം തോന്നിയ സുഹൃത്താണ് വിവരം പോലീസിനെ അറിയിച്ചത്.
















Comments