സ്‌കൂളിലും ജോലിക്കും പോകാതിരിക്കാനുള്ള മടി മാത്രമല്ല വയറുവേദനയ്‌ക്കും കാലുവേദനയ്‌ക്കുമെല്ലാം കാരണം; കാൻസറിനും ശ്വാസകോശരോഗങ്ങൾക്കുമുള്ള മുന്നറിയിപ്പും കൂടിയാവാം? ഇത് ശ്രദ്ധിക്കൂ

Published by
Janam Web Desk

വിവിധ തരത്തിലുള്ള ശാരീരിക വേദനകൾക്ക് പരിഹാരം തേടി നടക്കുന്നവരാണ് നമ്മൾ. കാലുവേദന,നടുവേദന,തലവേദന തുടങ്ങി വേദനകൾക്ക് ഒരു പഞ്ഞവും ഇല്ലാതെയാണ് ഒരു ദിവസം കഴിച്ചുകൂട്ടുന്നത്. എന്നാൽ ഇത്തരംവേദനകൾ എല്ലായിപ്പോഴും ശത്രുവല്ല. മാരകമായേക്കാവുന്ന പല അസുഖങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നൽകുന്നതാണീ വേദനകൾ.

തലവെട്ടിപ്പൊളിക്കുന്നത് പോലെയും തലയിൽ ഒരു ചരടിട്ട് വരിഞ്ഞുമുറുക്കിയതുപോലെയുമുള്ള വേദന പലപ്പോഴും മാനസികസംഘർഷങ്ങൾ മൂലമാകും. വേഗം ചികിത്സ നൽകിയാൽ വിഷാദത്തിലേക്ക് വഴിമാറാതെ ശ്രദ്ധിക്കാം.മെഗ്രേൻ കാരണവും ചിലർക്ക് തലവേദന വരാം. തലയുടെ ഒരു വശത്തുനിന്ന് ആരംഭിച്ച് ക്രമേണ മറുവശത്തേക്ക് വ്യാപിക്കുന്ന, വിങ്ങുന്ന തലവേദന മൈഗ്രേനിന്റെ ലക്ഷണമാണ്. മൈഗ്രേൻ വരുന്നതിന് തൊട്ടുമുമ്പ് ചിലർക്ക് കണ്ണിൽ ഇരുട്ടു കയറുന്നതുപോലെയോ, പ്രകാശവലയങ്ങളോ, നിറങ്ങളോ കണ്ടെന്നുവരാം.

തലയുടെ ഒരു ഭാഗത്തുമാത്രമായോ മൊത്തത്തിലോ അനുഭവപ്പെടുന്ന വേദന രാവിലെ എഴുന്നേൽക്കുമ്പോൾ അധികമാകുകയാണെങ്കിൽ അത് തലച്ചോറിലെ മുഴകളെ സൂചിപ്പിക്കുന്നു. അതിശക്തമായ തലവേദന, ചുമയ്‌ക്കുമ്പോഴും കുനിയുമ്പോഴും ഭാരമുയർത്തുമ്പോഴുമൊക്കെ വേദനയനുഭവപ്പെടുക, വേദന ഉറക്കത്തിന് ഭംഗമുണ്ടാക്കുക, രാവിലെ എഴുന്നേൽക്കുമ്പോൾ ശക്തമായ വേദനയനുഭവപ്പെടുക ഇതെല്ലാം ഡോക്ടറെ കാണിക്കാനുള്ള സമയമായെന്ന് നമുക്ക് മുന്നറിയിപ്പ് നൽകുന്ന തരം ദേനയാണ്.

നെഞ്ചുവേദന ഹൃദ്രോഗം മൂലം മാത്രമാണെന്നാണ് പലരുടെയും തെറ്റിദ്ധാരണ. എന്നാൽ നെഞ്ചിൻകൂട്, അന്നനാളം, ശ്വാസകോശാവരണം തുടങ്ങി വിവിധ ഭാഗങ്ങളിലെ തകരാറുകളും നെഞ്ചുവേദനയ്‌ക്ക് കാരണമാകാം.നെഞ്ചിനുമീതെ ഭാരം കയറ്റിവെച്ചതുപോലെ, അല്ലെങ്കിൽ നെഞ്ചു പൊട്ടാൻ പോകുന്നതുപോലെ തുടങ്ങിയവ ഹൃദ്രോഗ നെഞ്ചുവേദനയുടെ ലക്ഷണങ്ങളാണ്.

ന്യൂമോണിയ, പ്ലൂറസി, ശ്വാസകോശാവരണത്തിനിടയിൽ വായുനിറയുന്ന ന്യൂമോതൊറാക്സ് തുടങ്ങിയ അവസ്ഥകളിലെല്ലാം നെഞ്ചുവേദനയുണ്ടാകാം. ശ്വാസംവലിച്ചുവിടുമ്പോൾ കൊളുത്തിപ്പിടിക്കുന്നതുപോലെയുള്ള വേദന ശ്വാസകോശരോഗങ്ങളെത്തുടർന്നുള്ള നെഞ്ചുവേദനയുടെ പൊതുലക്ഷണമാണ്.നെഞ്ചുവേദനയോടൊപ്പം നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും വയറിന് പെരുക്കവുമൊക്കെ അനുഭവപ്പെടുകയാണെങ്കിൽ അത് അന്നനാളത്തെയും ആമാശയത്തെയുമൊക്കെ ബാധിക്കുന്ന രോഗങ്ങളുടെ ലക്ഷണമാണ്. നെഞ്ചുവേദനകളിൽ വെച്ച് ഏറ്റവും നിരുപദ്രവകരമായ വേദനയാണ് വാരിയെല്ലും മാറെല്ലും മാംസപേശികളും ചേരുന്ന എല്ലിൻകൂടിന്റെ നീർക്കെട്ടിനെത്തുടർന്നുണ്ടാകുന്ന വേദന.

നടുവിൽ നിന്ന് കാലിലേക്ക് പടരുന്ന അതിശക്തമായ വേദന നാഡീഞരമ്പുകളുടെ ഞെരുക്കത്തെയാണ് സൂചിപ്പിക്കുന്നത്. കശേരുക്കളുടെ ഇടയിൽ നിന്ന് പുറത്തേക്കു തള്ളിവരുന്ന ഡിസ്‌ക് നാഡീ ഞരമ്പുകളെ ഞെരുക്കുന്നതിനെത്തുടർന്നാണ് ഈ വേദന.രാത്രിയിൽ അനുഭവപ്പെടുന്ന നടുവേദന, വിശ്രമമെടുത്താലും മാറാതെയിരിക്കുമ്പോൾ നട്ടെല്ലിനെ ബാധിക്കുന്ന അർബുദത്തിന്റെ സാധ്യതകൾ പരിശോധിക്കണം. രാവിലെ എഴുന്നേൽക്കുമ്പോൾ ശക്തമായ നടുവേദനയുണ്ടാകുന്നതും നട്ടെല്ലിന് പിടുത്തമുണ്ടാകുന്നതും നട്ടെല്ലിനെ ബാധിക്കുന്ന സന്ധിവാതരോഗ ലക്ഷണമാണ്.

പെപ്റ്റിക് അൾസർ, വൻകുടൽ, ചെറുകുടൽ, മൂത്രനാളികൾ, പിത്താശയം, പിത്തനാളികൾ തുടങ്ങിയവയിലെ തടസ്സങ്ങൾ വയറിനേൽക്കുന്ന പരിക്കുകൾ, അപ്പൻഡിസൈറ്റിസ്, പാൻക്രിയാസ് ഗ്രന്ഥിയുടെ നീർവീക്കം തുടങ്ങിയവയാണ് വയറുവേദനയ്‌ക്ക് കാരണമാകുന്ന പ്രശ്നങ്ങൾ.പെപ്റ്റിക് അൾസറിനെത്തുടർന്നുണ്ടാകുന്ന വേദന വയറിന്റെ മുകൾഭാഗത്ത് മദ്ധ്യത്തിലായാണ് അനുഭവപ്പെടുന്നത്. മൂത്രനാളികളിലെ കല്ലിനെത്തുടർന്നുണ്ടാകുന്ന വേദന ഇടവിട്ടിടവിട്ടാണ് അനുഭവപ്പെടുന്നത്. നടുവിൽ നിന്നും വയറിന്റെ വശങ്ങളിലേക്ക് പടരുന്ന വേദനയോടൊപ്പം മൂത്രച്ചുടിച്ചിലും മൂത്രത്തിലൂടെ രക്തം പോകുന്നഅവസ്ഥയും ഉണ്ടാകാം. അപ്പൻഡിസൈറ്റ്സിനെ ത്തുടർന്നുള്ള വയറുവേദന, വയറിന്റെ താഴെ വലതുവശത്തായാണ് ഉണ്ടാകുന്നത്. വേദനയോടൊപ്പം ഛർദ്ദിലും പനിയും ഉണ്ടാകാം.

സ്‌കൂളില്‍ പോകാന്‍ മടിയുള്ള കുട്ടികളും ജോലി ചെയ്യാൻ മടിയുള്ളവരും പ്രധാനമായും പറയുന്ന പ്രധാന പരാതികളാണല്ലോ ‘മാറാത്ത വയറുവേദനയും കാലുവേദനയുമെല്ലാം. എന്നാൽ മടികാരണമാണ് വേദനയെന്ന് പറഞ്ഞ് അവഗണിക്കാതെയിരുന്നാൽ പല രോഗങ്ങളും തുടക്കത്തിലേ കണ്ടെത്താം.

Share
Leave a Comment