പനാജി: ഗോവയിൽ സജീവമായി പ്രവർത്തിച്ചിരുന്ന അന്താരാഷ്‌ട്ര ലഹരിക്കടത്ത് സംഘത്തെ പിടികൂടി എൻസിബി. വിദേശികളായ രണ്ട് പൗരന്മാരാണ് എൻസിബി ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 107 എംഡിഎംഎ ടാബ്‌ലെറ്റുകളും 40 ഗ്രാം ഹൈഗ്രേഡ് മെഫെഡ്രോണും 55 ഗ്രാം ഹൈ ക്വാളിറ്റി ഹാഷിഷും പിടിച്ചെടുത്തിട്ടുണ്ട്.
വടക്കൻ ഗോവ കേന്ദ്രീകരിച്ച് വിദേശികളുടെ നേതൃത്വത്തിൽ ലഹരിക്കച്ചവടം നടക്കുന്നുണ്ടെന്ന രഹസ്യ വിവരം എൻസിബിക്ക് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്. ആംബിക എന്ന് പേരുള്ള റഷ്യൻ വനിതയും സഹായി ജെ ലീയുമാണ് അറസ്റ്റിലായത്. ബ്രിട്ടീഷ് പൗരനാണ് ലീ. ഗോവയിലെത്തുന്ന വിദേശികൾക്കാണ് ഇവർ ലഹരിമരുന്ന് വിതരണം ചെയ്തിരുന്നത്. മയക്കുമരുന്ന് വിറ്റ് കിട്ടിയ പണവും ഇവരുടെ പക്കൽ നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികളായ ഇരുവരും അച്ഛനും മകളുമാണെന്നാണ് സൂചന. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇവർ ഗോവയിൽ ലഹരിക്കച്ചവടം നടത്തുന്നുണ്ടെന്ന് എൻസിബി അറിയിച്ചു.
Comments