പനാജി: ഗോവയിൽ നടന്ന 53-ാമത് അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിന്റെ സമാപന ചടങ്ങിൽ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ചിരഞ്ജീവി. ഇന്ത്യൻ ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദി ഇയർ പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷമാണ് അദ്ദേഹം മോദിക്ക് നന്ദിയറിയിച്ചത്. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറും ഗോവ മുഖ്യമന്ത്രി പ്രമോന്ത് സാവന്തും ചേർന്നായിരുന്നു ചിരഞ്ജീവിക്ക് പുരസ്‌കാരം സമ്മാനിച്ചത്.
ചിരഞ്ജീവിക്ക് എല്ലാവിധ ആശംസകളും നേരുന്നതായി പ്രധാനമന്ത്രി മോദി പ്രതികരിച്ചിരുന്നു. ”ശ്രദ്ധേയനായ അഭിനേതാവാണ് ചിരഞ്ജീവി ഗാരു. അദ്ദേഹത്തിന്റെ സമ്പന്നമായ പ്രകടനങ്ങളും വൈവിധ്യമാർന്ന വേഷങ്ങളും വിവിധ തലമുറകളിലെ സിനിമാ പ്രേമികൾക്ക് പ്രചോദനം നൽകുന്നതാണ്. 53-ാമത് അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ പേഴ്‌സണാലിറ്റി ഓഫ് ദി ഇയർ പുരസ്‌കാരം നേടിയതിന് ചിരഞ്ജീവിക്ക് അഭിനന്ദനങ്ങൾ” ഇതായിരുന്നു പ്രധാനമന്ത്രി മോദി ട്വിറ്ററിൽ കുറിച്ചത്.
തന്റെ പ്രവർത്തനങ്ങളെയും പുരസ്‌കാരത്തെയും അംഗീകരിച്ചുകൊണ്ട് അഭിനന്ദനമറിയിച്ച പ്രധാനമന്ത്രിക്ക് ഏറെ നന്ദിയുണ്ടെന്ന് ചിരഞ്ജീവി പറഞ്ഞു. മോദിയുടെ നല്ല വാക്കുകളിൽ സന്തോഷമറിയിച്ച അദ്ദേഹം നാല് പതിറ്റാണ്ട് നീണ്ട സിനിമാജീവിത യാത്രയെക്കുറിച്ച് പരാമർശിച്ചു. തന്റെ ആരാധകരോടും സിനിമാ കുടുംബത്തോടും കടപ്പെട്ടിരിക്കുന്നതായും ചിരഞ്ജീവി പറഞ്ഞു. ഫിലിം ഫെസ്റ്റിവലിന്റെ സമാപന ചടങ്ങിലാണ് പുരസ്‌കാര ദാനം നടന്നത്.
















Comments