ചെന്നൈ : കാമുകിയെ കാണാൻ രാത്രി വീട്ടിൽ എത്തിയതിന് നാട്ടുകാർ ചേർന്ന് മർദ്ദിച്ച വിദ്യാർത്ഥി ജീവനൊടുക്കി. ചെന്നൈ ശിവഗംഗ ജില്ലയിലെ തിരുഭുവനവത്തിലുള്ള മുരുകാനന്ദത്തിന്റെ മകൻ ജീവസൂര്യയെ(18) ആണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാമുകിയെ കാണാനെത്തിയ ജീവസൂര്യയെ നാട്ടുകാർ തടഞ്ഞുവച്ച് മർദിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ പോലീസ് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് വിദ്യാർത്ഥി ബൈക്കിൽ പുറത്തേക്ക് പോയത്. എന്നാൽ വീട്ടിൽ തിരിച്ചെത്തിയത് നടന്നിട്ടായിരുന്നു. മൊബൈൽ ഫോണും കൈയ്യിലുണ്ടായിരുന്നില്ല. മുഖത്ത് പരിക്കേറ്റ നിലയിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മാതാപിതാക്കൾ ചോദിച്ചെങ്കിലും ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി.
കുറച്ച് നേരം കഴിഞ്ഞ് സംശയം തോന്നിയ വീട്ടുകാർ മുറിയിൽ എത്തി നോക്കിയപ്പോഴാണ് ജീവസൂര്യയെ ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അന്വേഷണത്തിൽ കാമുകിയെ കാണാനെത്തിയ വിദ്യാർത്ഥിയെ നാട്ടുകാർ ചേർന്ന് മർദ്ദിച്ചതായി പോലീസ് കണ്ടെത്തി. തുടർന്ന് പ്രതികളുടെ അറസ്റ്റ് ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തുകയായിരുന്നു.
Comments