പന്തളം : അയ്യപ്പന്മാരുടെ വസ്ത്രം പമ്പ നദിയിലേക്ക് ഒഴുക്കുന്നത് അനാചാരമാണെന്ന് ശബരിമല തന്ത്രി കണ്ഠര് രാജീവര്. പമ്പ പുണ്യനദിയാണെന്നും ഭക്തർ അത്തരത്തിലുള്ള ശീലങ്ങൾ ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഉടുത്തു കൊണ്ടുവരുന്ന വസ്ത്രം ഭക്തർ പമ്പയിലേക്ക് ഒഴുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഗുരുസ്വാമിമാരാണ്. ഇത് സംബന്ധിച്ച് ഗുരുസ്വാമിമാർ ശിഷ്യൻമാർക്ക് കർശന നിർദ്ദേശം നൽകണം. പുണ്യ നദിയെ പുണ്യ നദിയായിത്തന്നെ നിലനിർത്താൻ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്നും കണ്ഠര് രാജീവര് പറഞ്ഞു.
ശബരിമല പൂങ്കാവനം പോലെ പരിശുദ്ധമാണ്. പുണ്യമായ പമ്പ നദിയുടെ തീരങ്ങളും നദിയും സംരക്ഷിക്കാൻ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ്. ഒരു തരത്തിലുള്ള മാലിന്യവും ഉപേക്ഷിക്കാതെ ദർശനം ചെയ്ത് മടങ്ങേണ്ടതാണെന്നും തന്ത്രി കൂട്ടിച്ചേർത്തു.
Comments